സോൾ: ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെയുണ്ടായ വിമാനാപകടത്തിൽ 85 പേർ മരിച്ചു. ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്.
ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം സുരക്ഷാവേലിയിൽ ഇടിച്ചു കത്തിയമരുകയായിരുന്നു. പ്രാദേശിക സമയം രാവിലെ 09.07നായിരുന്നു അപകടം. ഇതുവരെ 85 പേരുടെ മരണം സ്‌ഥിരീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു. സ്‌ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. 175 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറ് തീരദേശ വിമാനത്താവളമായ മുവാനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരൻമാരും രണ്ടുപേർ തായ്‌ലൻഡ് സ്വദേശികളുമാണ്.
അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. വിമാനത്തിന്റെ ലാൻഡിങ്ങിന് പ്രശ്‌നം സൃഷ്‌ടിച്ച കാരണം എന്താണെന്ന് വ്യക്‌തമായിട്ടില്ല. വിമാനത്തിന്റെ ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായാണ് സൂചന.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക