തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണം എന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും.
തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി ജസ്‌റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യവും ഓണ്‍ലൈന്‍ പരീക്ഷ നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും ഇന്ന് കോടതിക്ക് മുന്നിലെത്തും.
ഓണ്‍ലൈന്‍ ക്ളാസുകള്‍ ഫലപ്രദമല്ലെന്നും ഉള്‍പ്രദേശങ്ങളിലും കടലോര മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പരമിതിയുണ്ടെന്നും അപേക്ഷയില്‍ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിച്ചു. ഓഫ്‌ലൈന്‍ പരീക്ഷയെ എതിര്‍ത്ത വിദ്യാര്‍ഥികള്‍ സംസ്‌ഥാനത്തെ ഡിജിറ്റല്‍ വിഭജനത്തെ കുറിച്ചും പരാതി ഉന്നയിച്ചിട്ടുണ്ട്.
രാജ്യത്ത് റിപ്പോര്‍ട് ചെയ്യുന്ന 70 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണെന്ന് നേരത്തെ ഓഫ്‌ലൈന്‍ പരീക്ഷ സ്‌റ്റേ ചെയ്‌തുകൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സംസ്‌ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
അതേസമയം പരീക്ഷയെഴുതുന്ന ഒരു വിദ്യാര്‍ഥിക്ക് പോലും രോഗബാധ ഉണ്ടാകാത്ത തരത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഏപ്രിലില്‍ എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തിയെന്നാണ് സംസ്‌ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന വാദം. ഒരു വിദ്യാര്‍ഥിക്ക് പോലും കോവിഡ് ബാധയുണ്ടാകില്ലെന്ന രേഖാമൂലമുള്ള സര്‍ക്കാരിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചാല്‍ വഴിത്തിരിവാകും എന്നാണ് വിലയിരുത്തുന്നത്.
Most Read: ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന്; പ്രധാനമന്ത്രി പങ്കെടുക്കും