ഡ്രൈവറില്ലാത്ത സമയത്ത് നിർത്തിയിട്ട ഓട്ടോ റോഡിലേക്കു ഉരുണ്ടിറങ്ങിയപ്പോൾ വാഹനത്തിൽ ഇരിക്കുകയായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷകയായി എത്തിയ ആ കൊച്ചുമിടുക്കിയിതാ ഇവിടെയുണ്ട്, മലപ്പുറത്ത്. വിദ്യാർഥിനിടെ അവസരോചിത ഇടപെടലിൽ വൻ അപകടമായിരുന്നു ഒഴിവായത്. അപകടത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് സോഷ്യൽ മീഡിയ ഒന്നാകെ പെൺകുട്ടിയെ തിരഞ്ഞത്.
ഇപ്പോഴിതാ ആ പെൺകുട്ടി മലപ്പുറംകാരി തന്നെയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ളസ് ടു വിദ്യാർഥിനിയായ അനഘയാണ് ആ താരം. ചങ്ങരംകുളം ചെറവല്ലൂർ നെടിയോടത്ത് സുകുമാരൻ-രജി ദമ്പതികളുടെ മകളാണ് ഈ മിടുക്കി കുട്ടി. കഴിഞ്ഞ ദിവസമാണ് മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് റോഡിൽ ഐശ്വര്യ ഗോൾഡ് പാലസിന് മുന്നിൽ സംഭവം നടന്നത്.
സ്ത്രീകളും കുട്ടികളും ഇരിക്കവേ, നിർത്തിയിട്ടിരുന്ന ഓട്ടോ തിരക്കേറിയ റോഡിലേക്ക് ഉരുണ്ടിറങ്ങുന്നത് കണ്ട അനഘ ഓടിച്ചെന്ന് വണ്ടി പിടിച്ചുനിർത്തുകയായിരുന്നു. ഇതോടെയാണ് വൻ അപകടം ഒഴിവായത്. പരീക്ഷക്ക് പോകാനായി ഇറങ്ങിയതായിരുന്നു അനഘ. ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് എടുക്കാൻ മറന്ന വിവരം അനഘ അറിയുന്നത്.
തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടെ ചങ്ങരംകുളം ടൗണിലെ ചിറവല്ലൂർ റോഡിൽ നിന്ന് ഒരു നിലവിളി കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് ഡ്രൈവറില്ലാതെ പുറകോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഓട്ടോയാണ്. അതിൽ യാത്രക്കാരും ഉണ്ടായിരുന്നു. ഉടൻ തന്നെ അനഘ ഓടിച്ചെന്ന് ഓട്ടോ പിടിച്ചു നിർത്താൻ ശ്രമിച്ചു. അവളുടെ ശ്രമം കണ്ടു പിന്നാലെ ആളുകളുമെത്തി. ഓട്ടോ സുരക്ഷിതമായി റോഡരികിലേക്ക് മാറ്റുകയും ചെയ്തു.
അനഘ അപ്പോൾ തന്നെ അവിടെ നിന്ന് പോവുകയും ചെയ്തു. പിന്നാലെയാണ് സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത്. തൊട്ടടുത്തുള്ള ഒരു ജ്വല്ലറിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ചു നിരവധിയാളുകൾ രംഗത്തെത്തി. അപ്പോഴും അനഘ കാണാമറയത്തായിരുന്നു. പെൺകുട്ടിയെ തേടിയുള്ള അന്വേഷണമാണ് ഒടുവിൽ മലപ്പുറത്ത് എത്തിനിൽക്കുന്നത്.
Most Read| 23,000 വർഷം പഴക്കംചെന്ന മനുഷ്യ കാൽപ്പാടുകൾ; ഞെട്ടലോടെ ശാസ്ത്രലോകം!