ന്യൂഡെൽഹി: ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. വൈദ്യുതി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഊര്‍ജിതപ്പെടുത്തും. കല്‍ക്കരി ഉൽപാദനം വര്‍ധിപ്പിക്കാനും കോള്‍ ഇന്ത്യ ലിമിറ്റഡിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ പ്രതിദിന കല്‍ക്കരി ഉൽപാദനം രണ്ടുദശലക്ഷം ടണ്‍ ആയി ഉയര്‍ത്തും. രാജ്യത്ത് 22 ദിവസത്തേക്ക് കൂടിയുള്ള കല്‍ക്കരി ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ കല്‍ക്കരി വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു.
കല്‍ക്കരി ക്ഷാമമില്ലെന്നും മഴ കുറഞ്ഞതോടെ ലഭ്യത കൂടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി യോഗത്തെ അറിയിച്ചു. കല്‍ക്കരി വിതരണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് വരുത്തിയതെന്നും സംസ്ഥാനങ്ങളുടെ ആവശ്യാനുസരണം കല്‍ക്കരി ലഭ്യമാക്കുമെന്നും പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, ഡെല്‍ഹി, ഒഡിഷ, രാജസ്ഥാന് എന്നിവിടങ്ങളില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. ജനങ്ങൾ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്നാണ് സംസ്ഥാനങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം.
Read Also: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ







































