ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷം ലോക സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ആശങ്കാജനകമാണ്. ഇന്ത്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളിലെ സംഘർഷം അപ്രതീക്ഷത വെല്ലുവിളിയാണ് ഉണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംഘർഷത്തിൽ ചിലർക്ക് ജീവൻ നഷ്‌ടമായത് അതീവ ദുഃഖകരമാണ്. ഒരു കോടിയിലേറെ ഇന്ത്യക്കാർ പശ്‌ചിമേഷ്യയിലുണ്ട്. സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ 3,75,000 ഇന്ത്യക്കാർ സുരക്ഷിതരായി രാജ്യത്തേക്ക് മടങ്ങി. പശ്‌ചിമേഷ്യയിലെ വിവിധ രാഷ്‌ട്രത്തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു. സംഘർഷത്തിന്റെ സാഹചര്യത്തിൽ ദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമപരിഗണന നൽകിയത്.
ഇതുവരെ 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ഊർജം ഇറക്കുമതി ചെയ്‌തിരുന്നത്. ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം അതുവഴിയുള്ള ഇന്ധന നീക്കം പ്രതിസന്ധിയിലാണ്. 60 ശതമാനം ഏൽപിജിയും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാൽ, രാജ്യത്ത് നിലവിൽ പെട്രോൾ, ഡീസൽ പ്രതിസന്ധിയില്ല. രാജ്യത്ത് പെട്രോളിയം കരുതൽ ആവശ്യത്തിലുണ്ട്.
53 ലക്ഷം മെട്രിക് ടൺ റിസർവ് രാജ്യത്തിനുണ്ട്. എൽപിജിയുടെ ക്ഷാമം കാരണം രാജ്യത്ത് എൽപിജി ഗാർഹികാവശ്യത്തിന് മാത്രമാണ് നൽകുന്നത്. ഇന്ത്യയിലെ എൽപിജി ഉൽപ്പാദനവും വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പെട്രോളിയം റിസർവും ഉണ്ട്. മറ്റു രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദകരുമായും ബന്ധപ്പെടുന്നുണ്ട്. പെട്രോളിയത്തിന്റെ ലഭ്യത രാജ്യം ഉറപ്പുവരുത്തുകയാണ്. എഥനോൾ ഉൽപ്പാദനം വർധിപ്പിച്ചതും ഗുണകരമായി.
രാജ്യത്തെ കാർഷിക മേഖലയിലും പ്രതിസന്ധിയുണ്ട്. എന്നാൽ, രാജ്യത്ത് ആവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. രാജ്യത്ത് യൂറിയ ഉൽപ്പാദനത്തിന്റെ നിർമാണം വർധിപ്പിച്ചിട്ടുണ്ട്. കർഷകരുടെ എല്ലാ പ്രതിസന്ധികളിലും രാജ്യം കൂടെയുണ്ട്. ആറ് യൂറിയ നിർമാണ പ്ളാന്റുകൾ രാജ്യത്തുണ്ട്. അതിനാൽ രാജ്യത്ത് രാസവള പ്രതിസന്ധിയില്ല.
കോവിഡ് സമയത്തുണ്ടായ പ്രതിസന്ധികളെ തരണം ചെയ്‌ത പോലെ തന്നെ ഈ പ്രതിസന്ധികളെയും തരണം ചെയ്യേണ്ടതുണ്ട്. പശ്‌ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ രാജ്യം പ്രതിജ്‌ഞാബദ്ധരാണ്. രാജ്യത്തെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ








































