ന്യൂഡെൽഹി: പശ്ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്ചയിലേക്ക് കടക്കാനിരിക്കെ, നിലവിലെ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രത്യേക യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായാണ് യോഗം ചേർന്നത്. ‘ടീം ഇന്ത്യ സ്പിരിറ്റ്’ വേണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു യോഗം. പശ്ചിമേഷ്യയിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ ഇന്ത്യയിലുണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ യോഗം വിലയിരുത്തി. നിലവിലെ പ്രതിസന്ധി മൂലം ഇന്ത്യക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച.
രാജ്യത്തുടനീളം ഊർജത്തിന്റെ സ്ഥിരമായി വിതരണം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി യോഗത്തിൽ പരാമർശിച്ചു. ”അവശ്യ സാധനങ്ങളുടെ തടസമില്ലാതെ വിതരണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാന സർക്കാരുകളോടും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഞാൻ അഭ്യർഥിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.
മഹാമാരി സമയത്ത് പ്രകടിപ്പിച്ച ‘ടീം ഇന്ത്യ സ്പിരിറ്റ്’ വീണ്ടും അദ്ദേഹം ഓർമിപ്പിച്ചു. അതേ സ്പിരിറ്റ് ഇപ്പോൾ രാജ്യത്തെ നയിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, പാചകവാതകം വഹിച്ചുള്ള രണ്ടാമത്തെ ഇന്ത്യൻ കപ്പൽ ‘ജഗ് വസന്ത്’ ഇന്ന് ഗുജറാത്ത് തീരത്തെത്തിയിരുന്നു. ഏകദേശം 47,600 മെട്രിക് ടൺ എൽപിജിയാണ് ഈ കപ്പലിലുള്ളത്. രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ ഈ ചരക്ക് എത്തുന്നതോടെ സാധിക്കുമെന്നാണ് കരുതുന്നത്.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































