ന്യൂഡെല്‍ഹി: വാരണാസിയില്‍ കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പദ്ധതികള്‍ക്ക് തലക്കല്ലിടുക. 614 കോടി രൂപ ചെലവിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു.
കൂടാതെ ചടങ്ങില്‍ പ്രധാനമന്ത്രി പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുമെന്നും പിഎംഒയുടെ പ്രസ്താവനയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുക്കും.
വാരണാസിയുടെ വികസന യാത്രയില്‍ ഒരു സുപ്രധാന അധ്യായം നാളെ എഴുതി ചേര്‍ക്കുന്നതായി പ്രധാന മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ 10.30 ന് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുമെന്നും മോദി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.
സാരനാഥ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, രാംനഗറിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയുടെ നവീകരണം, മലിനജലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വിത്തുകളുടെ സ്റ്റോര്‍ഹൗസ്, 100 മെട്രിക് ടണ്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ നിര്‍മാണം, രണ്ടാം ഘട്ട ഐപിഡിഎസ്, സമ്പൂര്‍ണാനന്ദ് സ്റ്റേഡിയത്തില്‍ കളിക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം, വാരണാസി സിറ്റി സ്മാര്‍ട്ട് ലൈറ്റിംഗ് ജോലികള്‍, 105 അങ്കണവാടി കേന്ദ്രങ്ങള്‍, 102 മൃഗ പരിപാലന കേന്ദ്രങ്ങള്‍ എന്നി പദ്ധതികളുടെയും ശിലാസ്ഥാപനം ഇന്ന് നടക്കും.
കൂടാതെ ദശാശ്വമേദ് ഘട്ട്, ഖിഡ്കിയ ഘട്ട് എന്നിവയുടെ പുനര്‍വികസനം, പിഎസി പോലീസ് സേനയുടെ ബാരക്കുകള്‍, കാശിയിലെ ചില വാര്‍ഡുകളുടെ വികസനം, പാര്‍ക്കിംഗ് സൗകര്യം, ബെനിയ ബാഗിലെ പാര്‍ക്കിന്റെ നവീകരണം, ഗിരിജാ ദേവി സംസ്കൃത സ്കൂളിലെ മള്‍ട്ടി പര്‍പ്പസ് ഹാള്‍, നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണ പ്രവര്‍ത്തികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും.
Read Also: വോട്ടെണ്ണലിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് അച്ചടക്ക മുന്നറിയിപ്പ് നല്കി ആര്‍ജെഡി








































