ന്യൂഡെൽഹി: ഡെൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ. ഡോ. നവീൻ കിച്ചിക്ക് ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഏഴ് നവജാത ശിശുക്കളാണ് തീപിടിത്തത്തിൽ വെന്തുമരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
തീപിടിത്തത്തിന് കാരണം ഇനിയും വ്യക്തമായിട്ടില്ല. 2021ൽ ചികിൽസയ്ക്കിടെ നവജാത ശിശുവിനോട് മോശമായി പെരുമാറിയതിന് കിച്ചിക്കിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ചികിൽസയ്ക്കിടെ കുഞ്ഞിന്റെ കൈക്ക് ഒടിവ് സംഭവിച്ചതിനെ ചോദ്യം ചെയ്ത ഉത്തർപ്രദേശിലെ ഹത്രാസ് സ്വദേശികളായ ദമ്പതികളെ ഇയാൾ ഭീഷണിപ്പെടുത്തിയതായും, ആശുപത്രിയിലെ നഴ്സ് നവജാത ശിശുവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വാങ്ങിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, അപകടത്തിൽപ്പെട്ട ശിശുക്കൾക്ക് സംസ്ഥാന സർക്കാരിന്റെ പദ്ധതിയിലൂടെ മികച്ച സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിൽസ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും പറഞ്ഞു. ഇന്നലെ രാത്രി 11.30നാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തീയണക്കാൻ സാധിച്ചത്. 16 അഗ്നിശമനാ വാഹനങ്ങളാണ് തീയണക്കാനെത്തിയത്.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകളും കത്തിനശിച്ചു. ആശുപത്രി കെട്ടിടത്തിനും സമീപത്തുള്ള ഒരു പാർപ്പിട സമുച്ചയത്തിനുമാണ് തീപിടിച്ചത്. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജൻ റീഫില്ലിങ് കേന്ദ്രവും പ്രവർത്തിച്ചുവെന്ന് പരിക്കേറ്റ സമീപവാസി ആരോപിച്ചു. പലതവണ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല. അനധികൃതമായാണ് സംവിധാനം പ്രവർത്തിച്ചിരുന്നത്. പൊട്ടിത്തെറി ഉണ്ടായത് റീഫില്ലിങ് മുറിയിൽ നിന്നാണെന്നും അദ്ദേഹം ആരോപിച്ചു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ








































