കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രമായി പ്രവർത്തിച്ചുവന്ന അപ്പാർട്മെന്റിൽ പോലീസ് റെയ്‌ഡ്. ആറ് സ്‌ത്രീകൾ ഉൾപ്പടെ ഒമ്പതുപേർ അറസ്‌റ്റിലായി. ഇതിൽ രണ്ടുപേർ ഇടപാടുകാരാണെന്ന് പോലീസ് പറഞ്ഞു. മലാപ്പറമ്പ് ഇയ്യപ്പാടിയിലെ അപ്പാർട്മെന്റിലാണ് ഇന്ന് വൈകീട്ട് പോലീസ് റെയ്‌ഡ് നടത്തിയത്.
രണ്ടു വർഷത്തിലേറെയായി വാടകയ്‌ക്ക് കൊടുത്തിരിക്കുന്ന അപ്പാർട്മെന്റിലാണ് റെയ്‌ഡ് ഉണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉള്ളിടത്താണ് ഈ അപ്പാർട്മെന്റ് സ്‌ഥിതി ചെയ്യുന്നത്. ഫുട്‍ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്‌ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്മെന്റിന്റെ പാർട്‌ണർമാരിൽ ഒരാളായ സുരേഷ് ബാബു പറഞ്ഞു.
രണ്ടുമാസം മുൻപ് ചില അയൽക്കാർ ഇവിടെ എത്തുന്നവരെ കുറിച്ച് സംശയം അറിയിച്ചപ്പോൾ ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ, സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാർട്മെന്റിൽ എത്തുന്നതെന്നാണ് വീട് വാടകയ്‌ക്ക് എടുത്തവർ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അപ്പാർട്മെന്റിനെ കുറിച്ച് ചിലർ പരാതി ഉയർത്തിയതിനെ തുടർന്ന് സിറ്റി ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
Most Read| രാജ്യസഭാ പ്രവേശനം; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് കമൽഹാസൻ