ആലപ്പുഴ: കുറുവ സംഘത്തിന്റെ മോഷണം വ്യാപകമായ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി പോലീസ്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് സ്‌ഥിരീകരിച്ചതിന് പിന്നാലെയാണ് ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.
കുറുവ സംഘം ശബരിമല സീസണിൽ സജീവമാകുമെന്നും ജനം ജാഗ്രതയോടെ ഇരിക്കണമെന്നും ആലപ്പുഴ ഡിവൈഎസ്‌പി മാദ്ധ്യമങ്ങളോട് പറഞ്ഞു. നിരവധി ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്നുണ്ട്. പോലീസിന് എല്ലാവരെയും തടഞ്ഞുനിർത്തി പരിശോധിക്കാൻ കഴിയില്ല. അത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. സംഘം തീർഥാടനകാലം തിരഞ്ഞെടുക്കുന്നത് അതിനാലാകുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്‌തമാണെന്ന് പോലീസ് പറയുന്നു. ഇവർ പകൽ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കിവെക്കും. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങൾ കുറവുള്ള വീടുകളും പിറകുവശത്തെ വാതിലുകൾ ദുർബലമായ വീടുകളും മോഷണത്തിനായി കണ്ടുവെക്കും. വലിയ വീടുകൾ ലക്ഷ്യംവെക്കില്ല. വളരെ നിർഭയരായാണ് സംഘം വരുന്നതെന്നും പോലീസ് പറയുന്നു.
രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സിസിടിവി ക്യാമറകൾ സംഘം കാര്യമാക്കാറില്ല. അമിത് ആൽമവിശ്വാസത്തിലാണ് പ്രവർത്തനം. ഇതെല്ലാം നോക്കുമ്പോൾ കുറുവ സംഘമാണെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. പ്രശ്‌നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്‌റ്റേഷന് അടുത്തായാണ് സാധാരണ താമസിക്കുന്നതെന്നും പോലീസ് പറയുന്നു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ഒക്‌ടോബർ 30നാണ് കുറുവ സംഘത്തിന്റേതിന് സമാനമായ മോഷണം ആദ്യമായി അരങ്ങേറിയത്. വീടിന്റെ അടുക്കള വാതിൽ തുറന്ന ശേഷം ഉറങ്ങിക്കിടന്ന സ്‌ത്രീയുടെ മാല കവരുകയായിരുന്നു. പരാതിയിൻമേൽ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്‌ടാക്കൾ കുറുവ സംഘമാണെന്ന സംശയം ഉടലെടുത്തത്.
രണ്ടാഴ്‌ചക്ക് ശേഷം, മണ്ണഞ്ചേരിയിലെ രണ്ടു വാർഡുകളിലെ നാല് വീടുകളിലും മോഷണം നടന്നു. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തമിഴ്‌നാട്ടിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിന് ശേഷമാണ് പുന്നപ്രയിലെ പറവൂർ തൂക്കുകുളത്തുള്ള വീട്ടിൽ ഇക്കഴിഞ്ഞ ദിവസം മോഷണം നടന്നത്.
അടുക്കള വാതിലിന്റെ കൊളുത്ത് തകർത്ത് അകത്തുകയറിയ മോഷ്‌ടാവ് ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വർണമാലയാണ് കവർന്നത്. ഇതിൽ മോഷ്‌ടാക്കളിൽ ഒരാളുടെ മുഖത്ത് പരിക്കേറ്റിരുന്നു. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പിന്നാലെ രാത്രികാല പട്രോളിങ് നടത്തുന്നതിനായി പ്രദേശവാസികൾ ചെറുസംഘങ്ങളും രൂപീകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കുറുവ സംഘത്തെ കണ്ടെത്താനായില്ല.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!