തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് പോലീസ് അവസാനിപ്പിക്കുന്നു. കോവിഡ് രോഗികളിടെ എണ്ണത്തില്‍ ഉണ്ടായ കുറവ് കണക്കാക്കിയാണ് ഉദ്യമത്തില്‍ നിന്നും പോലീസ് പിൻമാറുന്നതെന്ന് ഡിജിപി വ്യക്‌തമാക്കി. കൂടാതെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പിന് കൈമാറാനും ഡിജിപി ഉത്തരവിട്ടു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികള്‍ അടക്കം പോലീസ് ഏറ്റെടുത്ത് നടപ്പാക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിന് മൊബൈല്‍ ട്രേസിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പോലീസ് ചെയ്‌തത് വളരെ വിവാദമാകുകയും, തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ട്രേസിംഗ് തുടരാന്‍ അനുമതി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നത് കണക്കിലെടുത്ത് കോവിഡ് ഡ്യൂട്ടികളില്‍ നിന്നും പതിയെ പിൻമാറാനുള്ള തീരുമാനത്തിലാണ് പോലീസ്.
ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ഘട്ടം ഘട്ടമായി ആരോഗ്യവകുപ്പിന് കൈമാറാനുള്ള തീരുമാനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. കോവിഡ് ചുമതലകള്‍ പതിയെ ആരോഗ്യവകുപ്പിന് കൈമാറുന്ന പോലീസ് സേന, ആരോഗ്യവകുപ്പിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി നല്‍കുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. നിലവില്‍ കോവിഡ് ഡ്യൂട്ടി പൂര്‍ത്തിയാക്കി വരുന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ തിരികെ സ്‌റ്റേഷന്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാനാണ് സംസ്‌ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read also : മുഖ്യമന്ത്രിയുടെ സന്ദർശനം; കർഷകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് ഹരിയാന പോലീസ്