കാസർഗോഡ്: ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. എ എസ് പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസർകോടും ഉൾപ്പെടെ ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ.
നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്‌ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളമാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്‌തത്. ജ്വല്ലറിയുടെ അസ്‌തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ ഒൻപത് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ജ്വല്ലറിയുടെ നിലവിലെ അസ്‌തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കും.
അതേസമയം, ഫാഷൻ ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ് നേതൃത്വം ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കമറുദ്ദീൻ തന്നെയാണ് നിക്ഷേപകരുടെ പണം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കേണ്ടത്. ഇതിനായി 6 മാസത്തെ സമയം പാർട്ടി അനുവദിച്ചിട്ടിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ നടപടിയെപ്പറ്റി ആലോചിക്കുമെന്നും കെപിഎ മജീദ് പറഞ്ഞിരുന്നു.
Malabar News: ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു