പത്തനംതിട്ട: റോഡിൽ നിന്നും ലോറി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ മർദ്ദനം. പെരുനാട് സ്റ്റേഷനിലെ സിപിഒ അനിൽകുമാറിനാണ് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്. സംഭവത്തിന് പിന്നാലെ അത്തിക്കയം സ്വദേശി സച്ചിൻ, അലക്സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം ഉണ്ടായത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മാമ്പറയിലെ കണ്ടംകുളത്തെ റോഡിൽ വച്ച് ജെസിബി ഉപയോഗിച്ച് ലോറിയിൽ തടി കയറ്റുന്നുണ്ടായിരുന്നു. മറ്റു വാഹനങ്ങൾക്ക് പോകാനാകാത്ത രീതിയിൽ വണ്ടി നിർത്തിയതിനെ ചൊല്ലി ഉണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് കലാശിച്ചത്.
സംഘർഷത്തിൽ പരിക്കേറ്റ അനിൽ കുമാറിനെ പിന്നീട് പോലീസ് എത്തി ആദ്യം റാന്നി ആശുപത്രിയിലും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. പോലീസുകാരൻ ആണെന്നറിയാതെയാണ് അനിൽ കുമാറിനെ പ്രതികൾ മർദ്ദിച്ചതെന്നാണ് സൂചന. നിലവിൽ വധശ്രമം, സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടയൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read also: മധ്യപ്രദേശിൽ ഭിന്നശേഷിക്കാരനായ വയോധികനെ മർദ്ദിച്ച് കൊലപ്പെടുത്തി







































