കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസ് അഗളി പോലീസിന് കൈമാറിയിട്ട് 12 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. വിദ്യയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കും വരെ അറസ്‌റ്റ് ഉണ്ടാകരുതെന്നാണ് അന്വേഷണ സംഘത്തിന് കോടതി നൽകിയ നിർദ്ദേശം.
വിദ്യ ബയോഡാറ്റ സമർപ്പിച്ച കോളേജിലും മഹാരാജാസിലുമെത്തി രേഖകൾ പരിശോധിച്ചത് മാത്രമാണ് അന്വേഷണ പുരോഗതിയായി പറയുന്നത്. വ്യാജരേഖ നിർമിച്ചെന്ന് വ്യക്‌തമായ സാഹചര്യത്തിൽ വിദ്യയെ കണ്ടെത്തിയാൽ മാത്രമേ തുടർനടപടികൾ സാധ്യമാകൂ എന്നതാണ് പോലീസ് വിശദീകരണം. ചൊവ്വാഴ്‌ചയാണ് വിദ്യ നൽകിയ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി പരിഗണിക്കുന്നത്.
പോലീസ് തിരയുന്നതിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഒരു സ്‌ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടെ, അഗളി പോലീസ് വിദ്യക്കെതിരെ റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. വിദ്യ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ചു അധ്യാപന ജോലിക്ക് ശ്രമിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാലക്കാട് അട്ടപ്പാടി കോളേജിനെ മുനിർത്തിയുള്ളതാണ് റിപ്പോർട്. വിദ്യക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
Most Read: ലോകബാങ്ക് കേരളത്തിന് 1228 കോടിയുടെ അധിക വായ്‌പ അനുവദിച്ചു







































