കണ്ണൂർ: ആലക്കോട് കുടിയാൻമലയിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നടുവിൽ പടിഞ്ഞാറെ കവലയിലെ വിവി പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്.
നടുവിൽ പോത്തുകുണ്ട് വയലിനകത്ത് മിഥിലാജിനെയാണ് (26) കുടിയാൻമല പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഞ്ചാവ് കേസിൽ മാസങ്ങൾക്ക് മുൻപ് എക്‌സൈസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു. കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിറിനെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇരുവരും ചേർന്ന് പ്രജുലിനെ മർദ്ദിക്കുകയും കുളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം 25നാണ് നടുവിൽ കോട്ടമലയിലേക്കുള്ള റോഡരികിൽ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് നടുവിൽ ടൗണിനടുത്തുള്ള എരോടിയിലെ സ്വകാര്യ വ്യക്‌തിയുടെ കൃഷിയിടത്തിലെ കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
രാത്രിയിൽ കുളത്തിനടുത്ത് വെച്ച് പ്രജുലും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ ശരീരത്തിൽ മർദ്ദനമേറ്റതായ പാടുകൾ കണ്ടെത്തിയിരുന്നു.
പ്രജുലിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുളത്തിൽ മൃതദേഹം കണ്ടത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
Most Read| സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു