പാലക്കാട്: മലമ്പുഴയിൽ നിന്ന് കഞ്ചാവ് റെയ്ഡിനുപോയി കാട്ടിൽ കുടുങ്ങിയ തണ്ടർ ബോൾട്ട് സംഘത്തെ തിരികെ എത്തിച്ചു. മലമ്പുഴയിൽ നിന്നും വാളയാറിൽ നിന്നും പോയ സംഘമാണ് ഇവരെ തിരികെ എത്തിച്ചത്.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ എന്നിവരടക്കം 14 അംഗ സംഘമാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ വനത്തിൽ കുടുങ്ങിയത്. കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് ഉൾവനത്തിൽ എത്തിയതായിരുന്നു സംഘം. പിന്നീട് വഴി തെറ്റുകയായിരുന്നു.
കാട്ടിൽ പോയി പരിചയമുള്ള, മാവോയിസ്റ്റ് ഓപ്പറേഷനിൽ നേരത്തെ പങ്കെടുത്തിട്ടുള്ള ചില ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി ഇവർ കാട്ടിൽ കഴിച്ചുകൂട്ടി. ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തിരികെ വരികയായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തതിനാൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Malabar News: പൊന്നാനിയിലെ അച്ചടക്ക നടപടി; സിപിഎം ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് പ്രവർത്തകരുടെ മാർച്ച്









































