പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം വൈകുന്നതായി പരാതി. കോവിഡ് നിയന്ത്രണങ്ങളിൽ അന്വേഷണം തടസപ്പെട്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് പോപ്പുലർ ഫിനാൻസ് ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ആരോപിച്ചു. നിലവിൽ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്.
തട്ടിപ്പ് നടന്ന് ഒരുവർഷം പൂർത്തിയാകാറായ വേളയിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തട്ടിപ്പിന് ഇരയായവർ കൊച്ചിയിൽ എത്തി വേണം മൊഴി നൽകാൻ. പരാതിക്കാരിൽ ഭൂരിഭാഗം പേരും മുതിർന്ന പൗരൻമാർ ആയതിനാൽ, കോവിഡ് നിയന്ത്രണം നിലനിൽക്കേ ഇവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഇത് അന്വേഷണത്തെ സരമായി ബാധിക്കുന്നു.
മാത്രമല്ല, രണ്ടായിരത്തിലേറെ പരാതിക്കാരുള്ള കേസിൽ ഓരോരുത്തരും കൊച്ചിയിൽ എത്തി മൊഴി നൽകുന്നത് പ്രയോഗികമല്ല. ഇത്തരത്തിൽ ഓരോ പരാതിക്കാരും കൊച്ചിയിൽ എത്തി മൊഴി നൽകുകയാണെങ്കിൽ, മൊഴി രേഖപ്പെടുത്താൻ മാത്രം ഒരു വർഷം വേണ്ടി വരുമെന്നും അസോസിയേഷൻ പറഞ്ഞു.
ഇതിന് പകരമായി ഓരോ ജില്ലയിലും മൊഴി രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയാൽ ഈ പ്രശ്നം പരിഹരിക്കാമെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
Also Read: ഗൗരിയമ്മയുടെ നിലയിൽ മാറ്റമില്ല; തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു








































