കൊച്ചി: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ, ജപ്‌തി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. പിഴവ് സംഭവിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ വസ്‌തുവകകൾ ജപ്‌തി ചെയ്‌തത് സംബന്ധിച്ച് വിശദമായ റിപ്പോർട്ടാണ് ഇന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാൽ, ചിലയിടങ്ങളിൽ പിഴവ് സംഭവിച്ചെന്നും സർക്കാർ സത്യവാങ്മൂലത്തിൽ കുറ്റസമ്മതം നടത്തി. രജിസ്ട്രേഷൻ ഐജിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് ജപ്‌തി നടപടികൾ നടത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് നടപടികൾ പൂർത്തിയാക്കിയത്. പേരിലെ സാമ്യം കൊണ്ടും ആശങ്കകൾ ഉണ്ടായി. ഇതാണ് പിഴവ് സംഭവിക്കാൻ കാരണമായതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
ഇതോടെ, പിഎഫ്ഐയുമായി ബന്ധമില്ലാത്തവർക്ക് എതിരെ ആരംഭിച്ച നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തെറ്റായി ജപ്‌തി ചെയ്‌ത ഹരജിക്കാരനായ കാടാമ്പുഴ സ്വദേശി ടിപി യൂസഫിന്റേത് ഉൾപ്പടെ 18 പേർക്കെതിരെയുള്ള നടപടി അടിയന്തിരമായി പിൻവലിക്കാനാണ് ഹൈക്കോടതി ഉത്തരവ്. ‘താൻ പോപ്പുലർ ഫ്രണ്ട് ആശയങ്ങളെ എതിർക്കുന്ന ആളാണെന്ന് കാണിച്ചാണ് ജപ്‌തി നടപടികൾ നേരിട്ട മലപ്പുറം സ്വദേശി ടിപി യൂസഫ് കോടതിയിൽ ഹരജി നൽകിയത്. ഇത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവ്.
2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിൽ 5.20 കോടി രൂപയുടെ പൊതുമുതൽ നഷ്‌ടം ഈടാക്കാനാണ് പിഎഫ്ഐ ഭാരവാഹികളുടെ ആസ്‌തി വകകൾ കണ്ടുകെട്ടാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ആദ്യഘട്ടം നടപടികളിൽ മെല്ലെപ്പോക്ക് നടത്തിയ സർക്കാർ ഹൈക്കോടതി കർശന നിർദ്ദേശം നൽകിയതോടെ ഒറ്റ ദിവസം കൊണ്ട് വ്യാപകമായി നടപടി എടുത്തു.
ഇതിലാണ് വ്യാപക പരാതികൾ ഉയർന്നത്. ഹർത്താൽ നടക്കുന്നതിന് മുൻപ് മരിച്ചവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയ സംഭവമടക്കം ഉണ്ടായി. ഇന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പിഴവ് പറ്റിയെന്നും, നടപടികൾ നിർത്തി വെച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.
Most Read: വ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു