മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ‘ക്രിസ്‌റ്റഫർ’ ഫെബ്രുവരി 9ന് തിയേറ്ററിൽ

പോലീസ് വേഷങ്ങളിൽ ബ്രഹ്‌മാണ്ഡ താരമായ മമ്മൂട്ടിക്കൊപ്പം, 35 പുതുമുഖ താരങ്ങളും ഒത്തുചേരുന്നതിലൂടെ തിയേറ്ററുകളിൽ ചിത്രം വെന്നിക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
christopher movie
'ക്രിസ്‌റ്റഫർ' മൂവി പോസ്‌റ്റർ

തിയേറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലർ ചിത്രം ‘ക്രിസ്‌റ്റഫർ’ എത്തുന്നു. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിൽ എത്തും. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ക്രിസ്‌റ്റഫറിന് ഉണ്ട്.

പോലീസ് വേഷങ്ങളിൽ ബ്രഹ്‌മാണ്ഡ താരമായ മമ്മൂട്ടിക്കൊപ്പം, 35 പുതുമുഖ താരങ്ങളും ഒത്തുചേരുന്നതിലൂടെ തിയേറ്ററുകളിൽ ചിത്രം വെന്നിക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

രണ്ടര മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ‘ബയോഗ്രഫി ഓഫ് എ വിജിലൻസ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ത്രില്ലർ ചിത്രമായ ‘ക്രിസ്‌റ്റഫർ’ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്‌ണൻ ആണ്. ഉദയ കൃഷ്‌ണയുടേതാണ് തിരക്കഥ. കോളിളക്കം സൃഷ്‌ടിച്ച ഒരു കേസ് അന്വേഷിക്കാൻ എത്തുന്ന ഇൻവെസ്‌റ്റിഗേഷൻ ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്.

അമല പോൾ, സ്‌നേഹ, ഐശ്വര്യ ലക്ഷ്‍മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ശരത് കുമാർ, ദീപക് പറമ്പോൾ, ജസ്‌റ്റിൻ കലേഷ്, അതിഥി രവി തുടങ്ങിയവരോടൊപ്പം 35ഓളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

christopher movie

തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടിയുടെ ആക്ഷൻ ത്രില്ലറിനൊപ്പം നിൽക്കാൻ, വ്യത്യസ്‍ത വേഷപ്പകർച്ചകളിലൂടെ കഴിവ് തെളിയിച്ച് ആസ്വാദക മനസിൽ ഇടം നേടിയ അഭിനേതാക്കളാണ് ചിത്രത്തിലുടനീളം ഉള്ളത്. അവർക്കൊപ്പം, പുതുമുഖ താരങ്ങളുടെ നീണ്ട നിരയും സിനിമയിൽ എത്തുന്നുണ്ട്.

ഒക്കെക്കൂടി ആകുമ്പോൾ ചിത്രം വിജയക്കുതിപ്പിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസം ഇറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയും ആകാംക്ഷയും ഉയർത്തിയിരുന്നു. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിൽ മനസിലാകുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും പിന്നീട് ഇറങ്ങിയ പോസ്‌റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിൽ ആക്കിയിട്ടുണ്ട്. ഇതോടെ, ത്രില്ലർ മൂവി തിയേറ്ററുകളിൽ നിറഞ്ഞ കൈയടി നേടുമെന്ന് ഉറപ്പാണ്.

christopher movie

മോഹൻ ലാൽ ചിത്രം ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്‌ണനും ഉദയ കൃഷ്‌ണനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ക്രിസ്‌റ്റഫർ. 2010ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം, ബി ഉണ്ണികൃഷ്‌ണനും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും ക്രിസ്‌റ്റഫറിന് ഉണ്ട്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരുന്നു ക്രിസ്‌റ്റഫറിന്റെ ചിത്രീകരണം. ഓപ്പറേഷൻ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജസ്‌റ്റിൻ വർഗീസ് സംഗീതം നൽകിയിരിക്കുന്നു.

എഡിറ്റിംഗ്-മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-അരോമ മോഹൻ, കലാസംവിധാനം-ഷാജി നടുവിൽ, വസ്‌ത്രാലങ്കാരം-പ്രവീൺ ശർമ, ചമയം-ജിതേഷ് പൊയ്യ, ആക്ഷൻ കൊറിയോഗ്രാഫി-സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- പി ശിവപ്രസാദ്, നിയാസ് നൗഷാദ്, തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ്‌ അണിയറ പ്രവർത്തകർ. ആർഡി ഇലുമിനേഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.

Most Read: ‘കേരളം സുരക്ഷിത ഭക്ഷണ ഇടം’ പദ്ധതി; നാല് സ്‌ഥാപനങ്ങൾ അടപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE