അമേരിക്കയിലെ ഒഹിയോ (ഒഹായോ) സ്‌റ്റേറ്റിൽ നിന്ന് പുറത്തിറങ്ങുന്ന മാൻസ്‌ഫീൽഡ് ന്യൂസ് ജേണലിന്റെ 1963ലെ ഏപ്രിൽ 18ന് പുറത്തിറങ്ങിയ കോപ്പിയിലാണ് ഇന്നത്തെ ആധുനിക മൊബൈൽ ഫോണിന്റെ പ്രതീകാത്‌മക ചിത്രം പിടിച്ചു നിൽക്കുന്ന യുവതിയും മൊബൈൽ ഫോൺ വരുന്നതിനെ സംബന്ധിച്ചുള്ള വാർത്തയും ഉണ്ടായിരുന്നത്.
സ്‍മാർട്ട് ഫോണുകളെ സംബന്ധിച്ച് സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും സാധ്യമല്ലാതിരുന്ന കാലത്താണ് ഈ വാർത്ത വരുന്നതും പ്രസ്‌തുത വാർത്തയിൽ ഇന്നത്തെ ഏറ്റവും ആധുനികമായ ഡിസൈനിലുള്ള മൊബൈൽഫോൺ പിടിച്ചു ഒരു യുവതി നിൽക്കുന്ന ചിത്രവും വന്നത്! വാർത്തയിലെ മറ്റൊരു രസകരമായ കാര്യം, വരും കാലത്ത് ആളുകളുടെയെല്ലാം കൈകളിൽ കൊണ്ടുനടക്കാവുന്ന ഫോൺ ഉണ്ടായിരിക്കും എന്ന പ്രവചനമാണ്.
അതിലേറെ രസകരം ഈ വാർത്തയുടെ തലക്കെട്ടാണ്. ‘നിങ്ങൾക്ക് ഫോൺ പോക്കറ്റിൽ കൊണ്ടുനടക്കാൻ സാധിക്കും‘ എന്നാണ് വാർത്തയുടെ തലക്കെട്ട്! ‘ഇത് പെട്ടെന്ന് തന്നെ ലഭ്യമാകും എന്ന് കരുതരുത്. വികസിപ്പിച്ച് കൊണ്ടിരിക്കുന്നതേ ഉള്ളൂ. എന്നാൽ, ഇത് നിലവിൽ വരും. ഒരാൾ എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ ഇതുവഴി സംസാരിക്കാൻ സാധിക്കും’ എന്നും വാർത്തയിൽ പറയുന്നുണ്ട്.
എന്നാൽ, ഈ വാർത്തയിൽ അൽഭുതമില്ല എന്നതാണ് വസ്‌തുത. കാരണം, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അതേവർഷം, 1947ൽ മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുത്തിട്ടുണ്ട്. അന്ന് അമേരിക്കയിലെ ചില കാറുകളിൽ ആശയ വിനിമയത്തിനായി ഒരു തരം ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്‌ചിത പരിധിയിൽ ഒതുങ്ങി നിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത് എന്നുമാത്രം. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഇതിനെ കൂടുതൽ മെച്ചപ്പെടുത്തി കൊണ്ടുനടക്കാവുന്ന മൊബൈൽ ഫോൺ ആക്കിമാറ്റാനുള്ള ഗവേഷണങ്ങൾ തുടർന്നിരുന്നു.
ജപ്പാനിൽ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ കയ്യിൽ കൊണ്ടുനടക്കാവുന്ന ഫോൺ വികസിപ്പിക്കാനുള്ള ശ്രമങ്ങളും തുടർന്നിരുന്നു. ഇത്തരം ഗവേഷണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ അക്കാലത്ത് പത്രങ്ങളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ ഉണ്ടാകാൻ 47നു ശേഷം 26 വർഷങ്ങൾ വേണ്ടിവന്നു. 1973ലാണ് മോട്ടറോളയിലെ ഡോ. മാർട്ടിൻ കൂപ്പർ കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപകൽപ്പന ചെയ്‌തത്.
ഈ മൊബൈൽ ഫോണിലൂടെ 1973 ഏപ്രിൽ 3നാണ് ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്.’യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്’ എന്നായിരുന്നു ആദ്യ മൊബൈൽ ഫോൺ വാക്കുകൾ. ഈ ആദ്യ മൊബൈൽ ഫോൺ മോഡലിന് 2 കിലോയിലധികം ഭാരമുണ്ടായിരുന്നു. ഇന്നത്തെ മൊബൈൽ ഫോണുകൾ 50ഗ്രാം മുതൽ 250 ഗ്രാംവരെയാണ്. ഇതിലാണെങ്കിലോ കാമറ മുതൽ, ഇമെയിലും സാമൂഹിക മാദ്ധ്യമങ്ങളും, ബാങ്കും, വീഡിയോ എഡിറ്റിങ്ങും, ഷെയർ ട്രേഡിങ്ങും ബ്ളഡ് പ്രഷറും ഹാർട്ട് റേറ്റുംവരെ കൈകാര്യം ചെയ്യും.
വാണിജ്യ അടിസ്‌ഥാനത്തിൽ ആദ്യത്തെ മൊബൈൽ ഫോൺ നിർമിച്ചത് ഡോ. മാർട്ടിൻ കൂപ്പർ ജോലിചെയ്‌തിരുന്ന മോട്ടറോള തന്നെയായിരുന്നു. ഡൈനാടാക് 8000 എക്‌സ് എന്നായിരുന്നു ഇതിന്റെ പേര്. 1983ലാണ് ഇത് പുറത്തിറങ്ങിയത്. എന്നാൽ, ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് പിന്നെയും 10 വർഷത്തിലധികം കാത്തിരിക്കേണ്ടിവന്നു.
1995 ജൂലൈ 31നായിരുന്നു ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സംഭാഷണം നടന്നത്. കൊൽക്കത്തയിലെ റൈറ്റേഴ്‌സ് ബിൽഡിങ്ങിലിരുന്ന് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, കേന്ദ്ര വാർത്ത വിനിമയ മന്ത്രി സുഖ്‌റാമിനെ ‘നോക്കിയ’ കമ്പനിയുടെ ഫോൺ ഉപയോഗിച്ചു നടത്തിയ വിളിയായിരുന്നു ഇന്ത്യയിലെ ആദ്യ മൊബൈൽ ഫോൺ സംഭാഷണം.

രാജ്യത്തെ ആദ്യ മൊബൈൽ സേവനദാതാവായിരുന്ന ‘മോദി ടെൽസ്‌ട്ര‘ എന്ന കമ്പനിയാണ് ഈ ചരിത്ര മുഹൂർത്തത്തിന് സൗകര്യം ഒരുക്കിയത്. ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം ഡൽഹിയിലായിരുന്നു ആരംഭിച്ചത്. അന്ന് ഔട്ട് ഗോയിങ്ങ്, ഇൻകമിങ്ങ് കോളുകൾക്ക് ഒരുമിനുറ്റിന് 24എന്നതായിരുന്നു നിരക്ക്.
ഡെൽഹിയിൽ മൊബൈൽ സേവനം ആരംഭിച്ച് രണ്ടുവർഷത്തോളം കഴിഞ്ഞാണ് കേരളത്തിൽ മൊബൈൽ ഫോൺ എത്തുന്നത്. ഡോ. മാർട്ടിൻ കൂപ്പർ 1973 ഏപ്രില്‍ 3ന് മൊബൈൽ കണ്ടുപിടിച്ച് 23 വർഷങ്ങൾക്ക് ശേഷം 1996 സെപ്റ്റംബർ 17നാണ് കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളിനടക്കുന്നത്. എറണാകുളം ഹോട്ടല്‍ അവന്യു റീജന്റില്‍ വെച്ച് മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ള, നാവികസേനാ മേധാവി വൈസ് അഡ്‌മിറൽ ടാന്‍ഡനോട് മൊബൈല്‍ ഫോണിലൂടെ സംസാരിച്ചതാണ് കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളി.

തകഴിക്കു പിന്നാലെ മാധവിക്കുട്ടിയുമായും ടാന്‍ഡന്‍ അന്ന് മൊബൈലില്‍ സംസാരിച്ചിരുന്നു. ഇക്കാലത്ത് മൊബൈൽ ഫോൺ കോളുകൾക്ക് ഈടാക്കിയിരുന്ന ഫീസ് വളരെ കൂടുതലായിരുന്നു. വിളിക്കുന്ന ആളിൽ നിന്ന് (ഔട്ട് ഗോയിങ്ങ്) 16 രൂപയും കോൾ സ്വീകരിക്കുന്ന (ഇൻകമിങ്ങ്) ആളിൽ നിന്ന് 8 രൂപയുമാണ് ഈടാക്കിയിരുന്നത്. ഘട്ടം ഘട്ടമായി നിരക്ക് കുറച്ചുകൊണ്ടുവന്ന് ഇൻകമിങ്ങ് കോൾ പൂർണമായും സൗജന്യമായത് 2003ലാണ്. പിന്നീടിങ്ങോട്ട് മൊബൈൽ ഫോൺ വ്യവസായം വൻ കുതിപ്പാണ് ഇന്ത്യയിൽ നടത്തിയത്. ഇന്ന് ഇന്ത്യ, ആഗോള തലത്തിൽ മൊബൈൽ ഉപയോഗത്തിൽ രണ്ടാം സ്‌ഥാനത്താണ്.
കേരളത്തിൽ ആദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്‌കോടെൽ ആയിരുന്നു. 1996 സെപ്റ്റംബറിൽ ഉൽഘാടനം ചെയ്‌ത എസ്‌കോടെൽ ഒക്‌ടോബർ മാസത്തിലാണ് പൊതുജനങ്ങൾക്ക് സേവനം ആരംഭിച്ചത്. 1996ല്‍ തന്നെ ബിപിഎല്‍ മൊബൈലും കേരളത്തിലെത്തി. 2002ലാണ് ബിഎസ്‌എൻഎൽ കേരളത്തില്‍ സേവനം ആരംഭിക്കുന്നത്.
മൊബൈൽ ഫോണിനെ മലയാളത്തിൽ ദൂരഭാഷിണിയെന്നാണ് പറയുക. സെല്ലുലാർ ഫോണെന്ന ഇംഗ്ളീഷ് വാക്കും മൊബൈൽ ഫോണിന്റെ മറ്റൊരുപേരാണ്. ഇന്ന് കേരളത്തിലെ ഏകദേശം നാലുകോടിയോളം ആളുകളിൽ നാലരകോടി മൊബൈൽ ഫോണുകളുണ്ട്! ലോകത്തുള്ള 800കോടി ആളുകളിൽ 710 കോടിയോളം ആളുകൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
Most Read: ഒആർഎസ് പിതാവ് ഡോ. ദിലീപ് മഹലനാബിസിന് മരണാനന്തര ബഹുമതി