ഒആർഎസ് പിതാവ് ഡോ. ദിലീപ്‌ മഹലനാബിസിന് മരണാനന്തര ബഹുമതി

ഛര്‍ദിയുടേയും അതിസാരത്തിന്റെയും പിടിയില്‍ നിന്നും കോടിക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്‌ ലായനി) വികസിപ്പിച്ച, 2022 ഒക്‌ടോബർ 18ന് 88ആം വയസിൽ വിടവാങ്ങിയ ഡോ. ദിലീപ്‌ മഹലനാബിസിന് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ ലഭിച്ചു.

By Central Desk, Malabar News
ORS Father Dr. Dilip Mahalanabis _ Malayalam
ഒആർഎസ്‌ പിതാവ് ദിലീപ് മഹലനാബിസ്
Ajwa Travels

ന്യൂഡെൽഹി: ആർക്കിടെക്റ്റ് ബാലകൃഷ്‌ണ ധോഷി (മരണാനന്തരം), തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്‌ണ, ഇന്തോ–അമേരിക്കൻ ഗണിത ശാസ്‌ത്രജ്‌ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ്, (മരണാനന്തരം) എന്നിവർ ഉൾപ്പടെ ആറുപേർക്കാണ് പത്‌മ വിഭൂഷൻ ലഭിച്ചത്.

ഇൻഫോസിസ് സ്‌ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി, ഗായിക വാണി ജയറാം ഉൾപ്പെടെ 15 പേർക്ക് പത്‌മഭൂഷനും ലഭിച്ചു. പ്രമുഖ ഗാന്ധിയനും എഴുത്തുകാരനുമായ വിപി അപ്പുക്കുട്ടന്‍ പൊതുവാൾ പത്‌മശ്രീക്ക് അർഹനായി. മലയാളികളായ സിഐ ഐസക്ക്, എസ്ആർഡി പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്കും പത്‌മശ്രീ ലഭിച്ചു.

ഒആർഎസ് പിതാവ് ഡോ. ദിലീപ്‌ മഹലനാബിസ്‌

1958ൽ കൽക്കട്ട മെഡിക്കൽ കോളേജിൽനിന്ന്‌ മെഡിക്കൽ ബിരുദം നേടിയ ദിലീപ്‌ ശിശുരോഗ വിദഗ്‌ധനായാണ്‌ ഔദ്യോഗികജീവിതം ആരംഭിച്ചത്‌. 1934 നവംബർ 12ന് ബംഗ്‌ളാദേശിൽ ജനിച്ച് കൊൽക്കത്തയിൽ ജീവിച്ച ഇദ്ദേഹം ലണ്ടനിൽ പോയശേഷം 1964ൽ ഇന്ത്യയിൽ തിരിച്ചെത്തി, 1966ൽ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന് (ഒആർഎസ്‌ ലായനി) വേണ്ടിയുള്ള ഗവേഷണം ആരംഭിച്ചു.

ഡോക്‌ടർമാരായ ഡേവിഡ് ആർ നളിൻ, റിച്ചാർഡ് എ കാഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഒആർഎസ് ഗവേഷണത്തിൽ പങ്കാളികളായിരുന്നു. പിന്നീട്, 1971ൽ ബംഗ്‌ളാദേശ് വിമോചന യുദ്ധത്തിൽ ബംഗാളിലെ അഭയാർഥി ക്യാമ്പിൽ കോളറ വ്യാപകമായപ്പോൾ ദിലീപ്‌ മഹലനാബിയുടെ നേതൃത്വത്തിൽ ഒആർഎസ് ലായനി ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ചരിത്രം.

ഇദ്ദേഹത്തിന്റെ ഒആർഎസ് ചികിൽസാ തീരുമാനം ആദ്യഘട്ടത്തിൽ സംശയം ഉയർത്തിയെങ്കിലും അഭയാർഥി ക്യാമ്പുകളിലെ രോഗികൾക്കിടയിൽ മരണനിരക്ക് 30% ൽ നിന്ന് 3% ആയി കുറഞ്ഞു. ഈ നേട്ടം അദ്ദേഹത്തിന്റെ വിമർശകരെ നിശബ്‌ദരാക്കി.

ORS Father Dr. Dilip Mahalanabis _ Malayalam
ഒആർഎസ്‌ പിതാവ് ദിലീപ് മഹലനാബിസ്

തുടർന്ന്, 1978ല്‍ ലോകാരോഗ്യ സംഘടന ഒആര്‍എസ് ഉള്‍പ്പെടുത്തി വയറിളക്ക രോഗ നിര്‍മാര്‍ജന പരിപാടിക്ക് തുടക്കമിട്ടു. വയറിളക്കം കൊണ്ടുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ 93 ശതമാനം കുറവ് വരുത്തിക്കൊണ്ട്, മനുഷ്യരാശിക്കും വൈദ്യശാസ്‌ത്രത്തിനും വലിയൊരു മുതല്‍ക്കൂട്ടായി മാറുകയായിരുന്നു പിന്നീട് ഈ അൽഭുത ലായനി.

എന്താണ് ഒആർഎസ് ലായനി?

വൈറസുകളോ ബാക്‌ടീരിയകളോ മൂലമുള്ള അണുബാധ കാരണമുണ്ടാകുന്ന വയറിളക്കരോഗം ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കുകയും മരണകരണമാകുകയും ചെയ്യും. വയറിളക്ക രോഗങ്ങളിൽ ഏറ്റവും പ്രധാനിയാണ് കോളറ. ഈ രോഗം പിടിപെട്ടാൽ അതിവേഗം ശരീരത്തിന് നിർജലീകരണം സംഭവിക്കും. ഇത് തടയുന്നതിനുള്ള വളരെ ലളിതമായ ഒരു ചികിൽസാ രീതിയാണ്‌ ഓറൽ റീഹൈഡ്രേഷൻ ചികിൽസ. നിശ്‌ചിത അളവിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ ലായനി തയ്യാറാക്കി കുടിക്കുന്നതാണ്‌ ചികിൽസ. വികസ്വര രാജ്യങ്ങളിലാണ് ഇതിനു പ്രാധാന്യം കൂടുതൽ.

കോളറ ബാധിച്ചാൽ 24 മണിക്കൂറിനുള്ളിൽ രോഗിയുടെ ശരീരത്തിൽനിന്ന് 20 ലിറ്ററിലേറെ വെള്ളവും ലവണങ്ങളും നഷ്‌ടമാകും. ശരീരം വിളറുകയും ശുഷ്‌കിക്കുകയും അതുവഴി ശരീരത്തിലെ രക്‌ത സമ്മർദം കുറയുകയും മരണം സംഭവിക്കുകയുംചെയ്യും. 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോളറ ബാധിക്കുന്ന ആളുകളിൽ 30 ശതമാനത്തിലധികം പേരും മരിക്കുകയായിരുന്നു പതിവ്. ഇത് ഒരുപരിധിവരെ തടയാൻ ഒആർഎസ് ലായനിക്ക് സാധിക്കും. ഇപ്പോഴും നമ്മുടെ നാട്ടിൽ വയറിളക്ക രോഗങ്ങൾക്ക് ഒആർഎസ് ലായനി ഉപയോഗിക്കാറുണ്ട്.

ഒആർഎസ് പിതാവ് മഹലനാബിസ് ചെയ്‌ത‌ത്

മഹലനാബിസ് കൊൽക്കത്തയിലെ ജോൺ ഹോപ്‌കിൻസ് ലാബിലാണ് ഒആർഎസ് ആദ്യം ഉണ്ടാക്കിയത്. ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാനുള്ള പൊടിയിൽ 22 ഗ്രാം ഗ്‌ളൂക്കോസ് (മോണോഹൈഡ്രേറ്റ്), 3.5 ഗ്രാം സോഡിയം ക്‌ളോറൈഡ് (ഉപ്പ്), 2.5 ഗ്രാം സോഡിയം ബൈകാർബണേറ്റ് (ബേക്കിങ്‌ സോഡ) എന്നതായിരുന്നു ആദ്യ ഫോർമുല. ഒരു ലിറ്ററിനുള്ള ചെലവ് വെറും 11 പൈസയായിരുന്നു.

ഒആർഎസ് ലായനി ഉണ്ടാക്കാനുള്ള എല്ലാ സാധനങ്ങളും പ്രാദേശികമായി ലഭ്യമാണ് എന്നതാണ് ഈ ചികിൽസയിലെ ഏറ്റവും വലിയ പ്രത്യേകത. ലാബുകളോ ഗവേഷണ ശാലകളോ ഇല്ലാതെ, അൽപം ശ്രദ്ധയുണ്ടങ്കിൽ ആർക്കും ഉണ്ടാക്കാവുന്ന ഒരു ലായനിയാണ് ഒആർഎസ് എന്നത് കോളറയുടെ വ്യാപനകാലത്ത് വലിയ നേട്ടമായി. ലോക വൈദ്യശാസ്‌ത്ര ചരിത്രത്തിലെതന്നെ വലിയ നേട്ടമായിരുന്നു ഈ ലായനി.

കോളറ പടർന്നുപിടിച്ച 1970കളിൽ ഉപ്പും ഗ്‌ളൂക്കോസും കലർത്തി എങ്ങനെ ഒആർഎസ് ലായനി ഉണ്ടാക്കാമെന്ന് വിവരിക്കുന്ന ലഘുലേഖകൾ തയ്യാറാക്കി രോഗവ്യാപന പ്രദേശത്ത് ഇദ്ദേഹം വിതരണം ചെയ്‌തു. ഇതുമൂലം രണ്ടോ മൂന്നോ ആഴ്‌ചക്കുള്ളിൽ മരണനിരക്ക് കുത്തനെ താഴ്‌ന്നു. 30 ശതമാനമെന്ന മരണനിരക്കിനെ മൂന്നു ശതമാനത്തിനു താഴെയെത്തിക്കാൻ ഈ മാജിക്കിലൂടെ സാധിച്ചു. അങ്ങനെ ഒആർഎസ് ലായനി പൊതുജനാരോഗ്യ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ഒപ്പം, ഒആർഎസ് പിതാവായ ദിലീപ്‌ മഹലനാബിസ് എന്ന ഡോക്‌ടറും ലോക ശ്രദ്ധനേടി.

പിന്നീട്, നിരവധി രാജ്യങ്ങളിൽ, യുദ്ധമേഖലകളിൽ അദ്ദേഹം ഒആർഎസ് കൺസൾട്ടന്റായി പ്രവർത്തിച്ചു. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും മഹലനാബിസിന്‌ വലിയ അംഗീകാരങ്ങൾ നൽകിയെങ്കിലും ഇന്ത്യയിൽനിന്ന്‌ മരണംവരെ മതിയായ പരിഗണന ലഭിച്ചില്ല. ഇതിനൊരു പരിഹാരമാണ് മരണാന്തര ബഹുമതിയായ ഇന്നത്തെ പത്‌മവിഭൂഷൺ.

ഒആർഎസ് ലായനി ഉണ്ടാക്കുന്ന രീതി; ഉപയോഗക്രമവും

വയറിളക്കം മൂലമുള്ള നിർജലീകരണം തടയാൻ വീട്ടിലുണ്ടാക്കാവുന്ന ഒന്നാണ് ഒആർഎസ് ലായനി. ആറ് ടീസ്‌പൂൺ പഞ്ചസാരയും (1 സ്‌പൂൺ = 5 ഗ്രാം) അര സ്‌പൂൺ ഉപ്പും ഒരു ലിറ്റർ തിളപ്പിച്ചാറിയ ശുദ്ധജലത്തിൽ കലർത്തി പഞ്ചസാരയും ഉപ്പും അലിഞ്ഞു ചേരുന്നതുവരെ ഇളക്കിയെടുത്താൽ ഒആർഎസ് ലായനിയായി. ഇതിന് വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

How to make ORS layani Malayalam

മെഡിക്കൽ സ്‌റ്റോറുകളിൽനിന്നും മറ്റും ഒആർഎസ് പാക്കറ്റ് വാങ്ങാൻ കിട്ടും. ഇതിൽ അധികമായി പഞ്ചസാരയോ ഉപ്പോ ചേർക്കാൻ പാടില്ല. ഒആർഎസ് പാക്കറ്റ് വൃത്തിയുള്ള പാത്രത്തിൽ ശരിയായ അളവിൽ, തിളപ്പിച്ചാറിച്ച ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ ചേര്‍ത്ത് ഇളക്കി കലര്‍ത്തുക. രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് ഓരോ വയറിളക്കത്തിനു ശേഷവും അഞ്ച് ടീ സ്‌പൂൺ ഒആര്‍എസ് ലായനി നല്‍കണം. രണ്ടു മാസം മുതല്‍ രണ്ടു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കാല്‍ ഗ്ളാസ്‌ മുതല്‍ അര ഗ്ളാസ്‌ വരെ (50 മില്ലി മുതല്‍ 100 മില്ലി വരെ) ഒആര്‍എസ് ലായനി ഓരോ വയറിളക്കത്തിനു ശേഷവും നല്‍കണം.

രണ്ടു വയസ് മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അര കപ്പ് മുതല്‍ ഒരു കപ്പ് വരെ (100 മില്ലി മുതല്‍ 200 മില്ലി വരെ) ഒആര്‍എസ് ലായനി ഓരോ വയറിളക്കത്തിനു ശേഷവും നൽകാം. 10 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമനുസരിച്ച് ഒആര്‍എസ് ലായനി നാല്‍കാം (ഒരു ദിവസം രണ്ട് ലിറ്റര്‍ വരെ). ഒആര്‍എസ് ലായനി കുറഞ്ഞ അളവില്‍ കൂടുതല്‍ തവണയായി നല്‍കുന്നത് ഛര്‍ദ്ദില്‍ സാധ്യത ഒഴിവാക്കും. രോഗി ഛര്‍ദ്ദിച്ചാല്‍ പത്ത് മിനിറ്റിനു ശേഷം കുറേശെയായി ലായനി നല്‍കണം.

തയാറാക്കിയ ഒആര്‍എസ് ലായനി 24 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ഇരുപതാം നൂറ്റാണ്ടിലെ വൈദ്യശാസ്‌ത്ര രംഗത്തെ ഏറ്റവും വലിയ നേട്ടമായി മാറിയ ഒആർഎസ് ലായനി ഉപയോഗിച്ചുള്ള ചികിൽസക്ക് ഒആർടി (Oral Rehydration Therapy) എന്നാണ് പറയുക.

Most Read: 2023 ഫെബ്രുവരി 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE