പത്‌മശ്രീക്ക് അർഹനായി അപ്പുക്കുട്ട പൊതുവാള്‍; 91 പത്‌മശ്രീ ജേതാക്കളിൽ ആകെ 4 മലയാളികൾ

By Central Desk, Malabar News
Appukutta Poduval was awarded the Padma Shri
അപ്പുക്കുട്ട പൊതുവാള്‍
Ajwa Travels

ന്യൂഡെല്‍ഹി: പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും സംസ്‌കൃത പണ്ഡിതനുമായ വിപി അപ്പുക്കുട്ട പൊതുവാൾ പത്‌മശ്രീക്ക് അർഹനായി. ഭാരതരത്‌നം, പത്‌മ വിഭൂഷണ്‍, പത്‌മഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ കഴിഞ്ഞാൽ, വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്‍കുന്ന ഇന്ത്യയിലെ ഉയര്‍ന്ന ഔദ്യോഗിക പുരസ്‌കാരമാണിത്.

അതാത് വർഷത്തെ റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ചാണ് പത്‌മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. കല, വിദ്യാഭ്യാസം, സാഹിത്യം, ശാസ്‌ത്രം, കായികം, പൊതുസേവനം എന്നിവയിലെ ഏതെങ്കിലും മേഖലയിൽ വിസ്‌മരിക്കാനാകാത്ത വ്യക്‌തിമുദ്ര പതിപ്പിച്ച ഭാരതീയർക്ക് കേന്ദ്ര സർക്കാർ നൽകുന്ന പുരസ്‌കാരമാണിത്.

അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സിഐ ഐസക്ക്, എസ്ആർഡി പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്ക് പത്‌മശ്രീ ലഭിച്ചു. സാഹിത്യ – വിദ്യാഭ്യാസ മേഖലയിലെ സംഭാവനക്കാണ് സിഐ ഐസക്കിന് പുരസ്‌കാരം. കായിക മേഖലയിലെ സംഭാവനകൾക്ക് എസ്ആർഡി പ്രസാദിനും കാർഷിക മേഖലയിലെ സംഭാവനകൾക്ക് ചെറുവയൽ കെ രാമനും പത്‌മശ്രീ ലഭിച്ചു.

ഛര്‍ദിയുടേയും അതിസാരത്തിന്റെയും പിടിയില്‍ നിന്നും കോടിക്കണക്കിനാളുകളെ രക്ഷപ്പെടുത്തിയ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്‌ ലായനി) വികസിപ്പിച്ച, 2022 ഒക്‌ടോബർ 18ന് വിടവാങ്ങിയ ഡോ. ദിലീപ്‌ മഹലനാബിസിന് മരണാനന്തര ബഹുമതിയായി പത്‌മവിഭൂഷൺ ലഭിച്ചു.

അപ്പുക്കുട്ട പൊതുവാള്‍

കണ്ണൂർ ജില്ലയിലെ, പയ്യന്നൂർ സ്വദേശിയാണ് അപ്പുക്കുട്ട പൊതുവാള്‍. പരേതരായ കരിപ്പത്ത് കമ്മാര പൊതുവാളുടെയും വിപി സുഭദ്രാമ്മയുടെയും മകനായി 1923 ഒക്‌ടോബർ ഒൻപതിനാണ് ഇദ്ദേഹം ജനിച്ചത്. ആദ്യ മാഗ്‌സസെ പുരസ്‌കാര ജേതാവും സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായിരുന്ന വിനോഭഭാവെ, സ്വാതന്ത്ര്യ സമരപ്രവർത്തകനും സോഷ്യലിസ്‌റ്റ് നേതാവുമായിരുന്ന ലോകനായക ജയപ്രകാശ നാരായണൻ എന്നിവരുൾപ്പടെ അനേകം പ്രമുഖർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ 99കാരനായ അപ്പുക്കുട്ട പൊതുവാൾ തന്റെ ഏഴാം വയസിൽ കണ്ട ഉപ്പുസത്യാഗ്രഹ ജാഥയിലൂടെയാണ് ഗാന്ധിജിയിലേക്ക് ആകൃഷ്‌ടനായത്.

പിന്നീട്, തന്റെ 11ആം വയസിൽ, 1934 ജനുവരി 12ന് പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് കിഴക്കുള്ള വയലിൽ പൊതുയോഗത്തിന് എത്തിയ ഗാന്ധിജിയുടെ പ്രസംഗം കേൾക്കാൻ ഇടയായ ഇദ്ദേഹം തന്റെ 19ആം വയസിലാണ് സ്വാതന്ത്ര്യ സമരരംഗത്ത് സജീവമായി ഇടപെട്ട് തുടങ്ങിയത്. സ്വാതന്ത്ര്യ സമരസേനാനിയായും ഖാദിയുടെ പ്രചാരകനായും എഴുത്തുകാരനായും ജീവിതത്തെ അടയാളപ്പെടുത്തിയ ഇദ്ദേഹം 1943ൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി കണ്ണൂരിലും കോഴിക്കോടും വിദ്യാർഥി യോഗങ്ങളിൽ പ്രസംഗിച്ചതിന് അറസ്‌റ്റു ചെയ്യപ്പെട്ട് രണ്ടാഴ്‌ചക്കാലം കണ്ണൂർ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

Appukutta Poduval was awarded the Padma Shri
അപ്പുക്കുട്ട പൊതുവാള്‍

ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ ഇദ്ദേഹത്തിന് എതിരെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിടുകയും ചെയ്‌തിരുന്നു. രാജ്യം സ്വാതന്ത്ര്യംനേടി 10 വർഷങ്ങൾക്ക് ശേഷം, 1957ൽ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച അപ്പുക്കുട്ട പൊതുവാൾ ഗാന്ധിയൻ പ്രവർത്തനങ്ങളിലും ഖാദി പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായി തുടർന്നു. ഖാദി പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം 1947 മുതൽ മദിരാശി സർക്കാരിനു കീഴിൽ പയ്യന്നൂരിലെ ഊർജിത ഖാദി കേന്ദ്രത്തിന്റെ ചുമതലക്കാരനായും 1962 മുതൽ അഖില ഭാരതീയ ഖാദി ഗ്രാമോദ്യോഗ കമ്മിഷനിൽ സീനിയർ ഓഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പൊളിറ്റിക്കൽ സയൻസിൽ എംഎ ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ഗാന്ധിയൻ ദർശനത്തിലെ ആധ്യാത്‌മികത, ഭഗവദ്ഗീത- ആത്‌മ വികാസത്തിന്റെ ശാസ്‌ത്രം എന്നിവയുൾപ്പടെയുള്ള പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്. 100ആം വയസിലേക്ക് കടക്കുന്ന അപ്പുക്കുട്ട പൊതുവാൾ ഇപ്പോഴും പയ്യന്നൂരിലെ സാമൂഹിക പരിപാടികളിൽ പങ്കെടുക്കാൻ എത്താറുണ്ട്. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രണ്ടാം ബർദോളി എന്നറിയപ്പെടുന്ന ഇദ്ദേഹം കഴിഞ്ഞ വർഷം സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷത്തിന്റെ ഭാഗമായി പിലിക്കോട് ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പദയാത്രയുടെ ദേശീയ പതാക കൈമാറ്റ ചടങ്ങിലും പങ്കെടുത്തിരുന്നു.

Most Read: ഗുജറാത്ത് കലാപം; മുഴുവൻ പ്രതികളെയും വെറുതെവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE