പോത്തൻകോട് സുധീഷ് കൊലക്കേസ്; 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

2021 ഡിസംബർ 11ആം തീയതിയാണ് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്‌തത്‌. കുപ്രസിദ്ധ ഗുണ്ടാ ഒട്ടകം രാജേഷ് അടക്കം 11 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്.

By Senior Reporter, Malabar News
Sudheesh Murder

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് പ്രത്യേക കോടതി ജഡ്‌ജി എ ഷാജഹാനാണ് ശിക്ഷ വിധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

2021 ഡിസംബർ 11ആം തീയതിയാണ് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (35) പോത്തൻകോട് കല്ലൂർ പാണൻവിളയിലെ വീട്ടിൽക്കയറി വെട്ടികൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്‌തത്‌. കുപ്രസിദ്ധ ഗുണ്ടാ ഒട്ടകം രാജേഷ് അടക്കം 11 പേരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമായി കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്.

ഗുണ്ടാത്തലവൻ ഒട്ടകം രാജേഷ്, ശ്യാംകുമാർ, നിധീഷ്, നന്ദിഷ്, രഞ്‌ജിത്‌, അരുൺ, സച്ചിൻ, സൂരജ്, ജിഷ്‌ണു, പ്രദീപ്, നന്ദു എന്നിവരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. കൊലപാതകം, കൂട്ടംകൂടിയുള്ള ആക്രമണം, ആയുധം കൈവശം വെയ്‌ക്കൽ, തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കുമേൽ ചുമത്തിയത്. ഒട്ടകം രാജേഷ് മൂന്ന് കൊലപാതകങ്ങളടക്കം 18 കേസുകളിൽ പ്രതിയാണ്.

പ്രതികളുടെ ഭീഷണിയെ തുടർന്ന് സാക്ഷികൾ കൂറുമാറിയ കേസിൽ ശാസ്‌ത്രീയ തെളിവുകളുടെ ബലത്തിലാണ് പ്രോസിക്യൂഷൻ കേസ് തെളിയിച്ചത്. പ്രതികളുടെ വസ്‌ത്രങ്ങളിലും ആയുധങ്ങളിലും നിന്ന് സുധീഷിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകൾ ലഭിച്ചത് നിർണായകമായി.

ഒന്നാപ്രതി സുധീഷ് ഉണ്ണിയെ മുൻപ് സുധീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെയും അമ്മയ്‌ക്കുനേരെ പടക്കമെറിഞ്ഞതിന്റെയും വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഒളിവിൽ താമസിച്ചിരുന്ന സുധീഷ് സംഭവദിവസം ആക്രമികളെ കണ്ട് ഭയന്നോടി ബന്ധുവായ സജീവിന്റെ വീട്ടിലേക്ക് കയറി. പിന്തുടർന്നെത്തിയ സംഘം അതിക്രമിച്ച് കയറി കുട്ടികളുടെയും സ്‌ത്രീകളുടെയും മുന്നിലിട്ട് സുധീഷിനെ വെട്ടുകയായിരുന്നു.

സുധീഷിന്റെ കാലും അറുത്തെടുത്താണ് പ്രതികൾ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാലുമായി സംഭവ സ്‌ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു. പിന്നീട് കല്ലൂർ ജങ്ഷനിൽ കാൽ റോഡിലെറിയുകയും ചെയ്‌തു. പോലീസെത്തി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് സുധീഷ് മരിച്ചത്.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE