തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പിപി ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി അംഗീകരിച്ചു.
വൈകിട്ട് അഞ്ചുമണിവരെയാണ് ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, കോടതി അഞ്ചുമണിവരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. കസ്റ്റഡി അപേക്ഷ അംഗീകരിച്ചതോടെ പിപി ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസത്തേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നാണ് സൂചന.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർ ഉയർത്തിയ വിവാദം കത്തിപ്പടരുമ്പോഴും സർക്കാരും റവന്യൂ വകുപ്പും മൗനം തുടരുകയാണ്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത 24ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായങ്ങൾ രേഖപ്പെടുത്തി മന്ത്രി കെ രാജന് കൈമാറിയിട്ടുണ്ട്.
നവീൻ ബാബു നല്ല ഉദ്യോഗസ്ഥനായിരുന്നു എന്ന് അഭിപ്രായപ്പെട്ട മന്ത്രി, മറ്റു കാര്യങ്ങൾ അന്വേഷണ റിപ്പോർട്ടിന് ശേഷം അറിയിക്കാമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ, റവന്യൂ വകുപ്പ് നടത്തിയ വസ്തുതാ അന്വേഷണം ഇനി കോടതി നടപടികൾക്കും വിധേയമാക്കാമെന്നതിനാൽ റിപ്പോർട് പുറത്തുവിടാൻ ഇടയില്ലെന്നാണ് സൂചനകൾ.
Most Read| സ്വപ്നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ