ന്യൂഡെൽഹി: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി മുതൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്‌ഥാനങ്ങൾ അധിക കവറേജ് വിജ്‌ഞാപനം ചെയ്യണം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസം പകരുന്നതാണ് പുതിയ നിർദേശം.
ദേശീയോദ്യാനം പോലുള്ള സംരക്ഷിത മേഖലകളിലെ വികസന പദ്ധതികളിൽ തീരുമാനമെടുക്കുന്ന ദേശീയ വന്യമൃഗ ബോർഡിന്റെ (എൻസിഡബ്‌ള്യുഎൽ) കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് പുതിയ മാർഗനിർദേശത്തിന് അംഗീകാരം നൽകിയത്.
പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിലെ വിള ഇൻഷുറൻസ് നഷ്‌ടപരിഹാരത്തിൽ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന നഷ്‌ടം കൂടി ഉൾപ്പെടുത്താൻ സംസ്‌ഥാനങ്ങൾ ആഡ് ഓൺ കവറേജ് ഉപയോഗപ്പെടുത്തണം. കേന്ദ്ര കൃഷി മന്ത്രാലയം നേരത്തെ തന്നെ ഇതിന് അനുമതി നൽകിയിരുന്നെങ്കിലും മിക്ക സംസ്‌ഥാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ പുതിയ ആഡ് ഓൺ നിർബന്ധമായും വിജ്‌ഞാപനം ചെയ്‌തിരിക്കണമെന്ന് പുതിയ മാർഗരേഖ പറയുന്നു.
പദ്ധതി രൂപീകരിച്ച് 5 വർഷം പൂർത്തിയായിട്ടും വന്യമൃഗങ്ങൾ മൂലമുണ്ടാകുന്ന നഷ്‍ടം നികത്താൻ പദ്ധതിയിലൂടെ സാധിച്ചിരുന്നില്ല. എന്നാൽ ഇന്റഗഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് വൈൽഡ് ലൈഫ് ഹാബിറ്റാറ്റ്സ്, പ്രോജക്‌ട് ടൈഗർ, പ്രോജക്‌ട് എലിഫന്റ് തുടങ്ങിയ പദ്ധതികളിലൂടെ വന്യമൃഗ ശല്യത്തിന് നഷ്‌ടപരിഹാരം നൽകിവരുന്നുണ്ടെന്നാണ് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നത്.
Read also:കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച