കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ എക്സാലോജിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. വീണാ വിജയൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. ആരാണെന്ന് നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജൻസികൾ നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ കമ്പനിയായ സിഎംആർഎലും വീണയുടെ എക്സാലോജിക് കമ്പനിയും തമ്മിൽ നടത്തിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണ്. അത് അന്വേഷണം പൂർത്തിയാകുമ്പോൾ അവർക്ക് മനസിലാകും. മുഖ്യമന്ത്രിയുടെ മകൾ വീണ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കും അറിയാം. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാൽ മനസിലാകും. കേസുകളിൽ സിപിഎം-ബിജെപി ഒത്തുകളി നടക്കുന്നുവെന്ന കോൺഗ്രസ് ആരോപണം തമാശയാണെന്നും പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി മികച്ച വിജയം നേടും. ഈ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ബിജെപി പുതിയ ചരിത്രമെഴുതും. 2024ൽ വീണ്ടും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകും. കേരളത്തിൽ എൽഎൽഎമാർ ഇല്ലാതിരുന്നിട്ട് പോലും മലയാളികൾക്ക് വലിയ പരിഗണനയാണ് മോദി നൽകുന്നത്. അടുത്ത 100 ദിവസത്തിനുള്ളിൽ ബിജെപി നേതാക്കൾ കേരളത്തിലെ എല്ലാ വോട്ടർമാരെയും നേരിട്ട് കാണുമെന്നും പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് നരേന്ദ്രമോദി മൽസരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| മകളുടെ ഓർമയ്ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ