ന്യൂഡെല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ സുഹൃത്തിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ വിമര്‍ശിച്ച് ആക്‌ടിവിസ്‌റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.
ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ ഗുണ്ടകള്‍ക്ക് മറ്റൊരു ജോലിയും അറിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു. സുഹൃത്തിനെ ആക്രമിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഭൂഷന്റെ ട്വീറ്റ്.
കോടതി പരിസരത്ത് വച്ച് പൊലീസുകാര്‍ മുനാവറിന്റെ സുഹൃത്തിനെ ബൈക്കിലിരുത്തി കൊണ്ടുപോകുമ്പോൾ ആയിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. മറ്റു പൊലീസുകാരെത്തി ഇയാളെ വേഗം അവിടെ നിന്നും മാറ്റുകയായിരുന്നു. അതേസമയം ആക്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
‘ബിജെപിയുടെ വേലയും കൂലിയുമില്ലാത്ത ഗുണ്ടകളുടെ പണിയാണിത്. ആളുകളെ ആക്രമിക്കുക, സ്‍ത്രീകള്‍ക്കെതിരെ പീഡനഭീഷണി മുഴക്കുക, നിരായുധരായ ആളുകളെ മര്‍ദ്ദിക്കുക, പിന്നെ ഭാരത് മാതാ കീ ജയ് എന്ന അലറിവിളിക്കുക, ഇതല്ലാതെ വേറെ ഒരു പണിയും ഇവര്‍ക്കില്ലെന്ന് തോന്നുന്നു,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് മുംബൈയിലെ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്.
Read also: ഡെൽഹിയിലേക്ക് ഹരിയാനയിലെ കർഷകരുടെ മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു







































