ബെംഗളൂരു: കർണ്ണാടക ബെള്ളാരെയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നട്ടാരുവിന്റെ കൊലപാതകത്തിൽ കൂടുതൽ പേരുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കൊലപാതക സംഘത്തെ സഹായിച്ച ബെള്ളാരെ സ്വദേശി ഷഫീഖ്, സവണൂരു സ്വദേശി സാക്കിർ എന്നിവരാണ് കേസിൽ ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തൊമ്പത് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌ത് വരികയാണ്.
കൊലപാതകം നടന്ന് രണ്ട് ദിവസമായിട്ടും മുഖ്യ പ്രതികളെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൊലപാതകം നടത്താൻ സഹായിച്ച രണ്ടു പേരെ മാത്രമാണ് പോലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. ഇവർക്ക് എസ്‌ഡിപിഐയുമായി ബന്ധമുണ്ടെന്നാണ് സൂചന. അതേസമയം കൊലപാതക സംഘം എത്തിയ ബൈക്ക് കേരള രജിസ്‌ട്രേഷനിലുള്ളതാണെന്ന് സിസിടിവി ദൃശ്യങ്ങൾ വഴി പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. അതിനാൽ അതിർത്തി ജില്ലയായ കാസർഗോഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പുത്തൂരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ആറ് സംഘമായി തിരിഞ്ഞാണ് അന്വേഷണം. ബെള്ളാരെയിൽ ഒരാഴ്‌ച മുമ്പ് കൊല്ലപ്പെട്ട കാസർഗോഡ് സ്വദേശി മുഹമ്മദ് മസൂദിന്റെ കൊലപാതകവുമായി പ്രവീണിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം സുള്ള്യയിലെ പ്രവീണിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. പ്രതികളെ ഉടൻ പിടികൂടുമെന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായങ്ങൾ ലഭിക്കാനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. പ്രവീണിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
Most Read: ‘ആവശ്യമെങ്കിൽ യോഗി മാതൃക സ്വീകരിക്കും’; മുന്നറിയിപ്പ് നൽകി കർണാടക മുഖ്യമന്ത്രി