കണ്ണൂർ: ന്യൂമാഹി പഞ്ചായത്തിലെ മാങ്ങാട്ടെ ജല സാമ്പിൾ പരിശോധനാ ഫലത്തിൽ ആശങ്ക. പ്രദേശത്തെ വീടുകളിലെ കിണറുകളിലെയും, പൊതു ജലസ്രോതസുകളിലെയും വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഇവ കുടിക്കാൻ പാടില്ലെന്നാണ് അധികൃതരുടെ നിർദ്ദേശം.
മാങ്ങാട്ട് പ്രദേശത്തെ 15 കിണറുകളിലും ഒരു തോട്ടിലുമാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കൂടാതെ, 18 കിണറുകളിലും രണ്ട് കുളത്തിലും അനുവദനീയമായ നിരക്കിന് താഴെയാണ് പിഎച്ച് മൂല്യം. ഹരിത കേരള മിഷൻ മയ്യഴി പുഴ സംരക്ഷണ സമിതിയുടെ സഹായത്തോടെ പ്രദേശത്തെ 58 വീടുകളിലെ കിണർ വെള്ളം പരിശോധിച്ചപ്പോഴാണ് വെള്ളത്തിന്റെ ഗുണനിലവാരം വ്യക്തമാക്കുന്ന ഫലം പുറത്തുവന്നത്.
ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും അടിയന്തിര ശ്രദ്ധയും ഇടപെടലും വേണമെന്നാണ് ആവശ്യം. ഗുരുതര സാഹചര്യം പരിഗണിച്ച് പ്രദേശത്തെ ജനങ്ങളും പഞ്ചായത്തും രാഷ്ട്രീയ പാർട്ടികളും ഇടപെട്ട് ഉടൻ പരിഹാരം കണ്ടെത്തണമെന്നും മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Most Read: ഓട്ടോ-ടാക്സി ചാർജ് വർധന; സംഘടനകളുമായി 29ന് മന്ത്രി ചര്‍ച്ച നടത്തും








































