എഡിജിപി വിവാദം; മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം- ഇന്ന് മാദ്ധ്യമങ്ങളെ കാണും

ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലേ അജിത് കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് സിപിഐ അടക്കമുള്ള കക്ഷികൾ ഉറ്റുനോക്കുന്നത്.

By Trainee Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചതോടെ ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ നീക്കാൻ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം കൂടുന്നു. വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകകക്ഷികൾ മുന്നണിക്ക് അകത്തും പുറത്തും നിലപാട് കടുപ്പിച്ചതോടെയാണ് എഡിജിപിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്‌തമായത്.

എന്നാൽ, വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടും ക്രമസമാധാന ചുമതലയിൽ തുടരുന്ന അജിത് കുമാറിന്റെ സംരക്ഷകനായി ചിത്രീകരിക്കപ്പെട്ടതോടെ, അദ്ദേഹത്തെ കൈവിടാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് ഘടകകഷികൾ കരുതുന്നത്. അതിനിടെ, ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നുണ്ട്. ഇതോടെ അജിത് കുമാർ വിഷയത്തിൽ മുഖ്യമന്ത്രി എന്ത് പറയുമെന്ന ആകാംക്ഷയും നിലനിൽക്കുകയാണ്.

ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലേ അജിത് കുമാറിനെതിരെ നടപടിയെടുക്കൂ എന്ന കടുംപിടിത്തം ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോയെന്നാണ് സിപിഐ അടക്കമുള്ള കക്ഷികൾ ഉറ്റുനോക്കുന്നത്. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ 18 ദിവസം പിന്നിട്ട അന്വേഷണം പൂർത്തിയാക്കാൻ ഡിജിപിക്ക് 13 ദിവസം കൂടി സമയമുണ്ട്. അതുവരെ അജിത് കുമാറിന് മുഖ്യമന്ത്രി സംരക്ഷണ കവചമൊരുക്കുന്നത് മുന്നണിക്കാകെ ക്ഷീണം ചെയ്യുമെന്ന നിലപാടിലാണ് സിപിഐ.

ഈ മാസം 13ന് പോലീസ് ആസ്‌ഥാനത്ത് വിളിച്ചുവരുത്തി അജിത് കുമാറിനെ ഡിജിപി ചോദ്യം ചെയ്‌തിരുന്നു. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ച് ഡിജിപി അന്ന് ചോദിച്ചിരുന്നില്ല. വരും ദിവസങ്ങളിൽ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. മലപ്പുറത്തെ സ്വർണം പൊട്ടിക്കൽ സംഘത്തെ സഹായിച്ചു, റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തിലെ അന്വേഷണം അട്ടിമറിച്ചു എന്നിവയടക്കം പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളും ഡിജിപി പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരം യൂണിറ്റ് ഒന്നിന് ആണ് അന്വേഷണ ചുമതല. എസ്‌പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. വിജിലൻസ് മേധാവി യോഗേഷ് ഗുപ്‌തയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കേസെടുക്കാതെ പ്രാഥമിക അന്വേഷണമാണ് നിലവിൽ നടക്കുന്നത്. ചില അഴിമതി ആരോപണങ്ങൾ ആദ്യം ഉന്നയിച്ച പിവി അൻവർ എംഎൽഎ, പിന്നീട് പ്രത്യേക സംഘത്തിന് നൽകിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും ഉന്നയിച്ചത്.

Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE