ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്‌മീരിൽ കനത്ത സുരക്ഷ. ലഫ്‌റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്താൻ യോഗം നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കശ്‌മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.
മൂന്ന് ഏറ്റുമുട്ടലുകളിലായി ആറ് ഭീകരരെയാണ് സൈന്യം കശ്‌മീരിൽ വധിച്ചത്. സിഐഎസ്എഫ് വാഹനത്തിന് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഎസ്‌ഐ വീരമൃത്യു വരിച്ചിരുന്നു. കൂടാതെ 9 സിഐഎസ്എഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. സംഭവത്തിന് ശേഷം ജമ്മു കശ്‌മീർ കനത്ത സുരക്ഷാ വലയത്തിലാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ കർശന സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലഫ്‌റ്റനന്റ് ഗവർണർ മനോജ് സിൻഹ യോഗം വിളിച്ച് സ്‌ഥിതിഗതികൾ ചർച്ച ചെയ്യുന്നത്. ഇന്നലെ രണ്ട് സൈനികരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണങ്ങൾ നടത്തിയത് ചാവേറുകളാണ് ആശങ്ക ഉയർത്തുന്നു.
2019 ഓഗസ്‌റ്റിൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക സംസ്‌ഥാന പദവി പിൻവലിച്ചശേഷം ആദ്യമായാണ് നരേന്ദ്ര മോദി ജമ്മു സന്ദർശനം നടത്തുന്നത്. പാല്ലി ഗ്രാമത്തിൽ ആയിരക്കണക്കിന് പഞ്ചായത്ത് അംഗങ്ങൾ പങ്കെടുക്കുന്ന റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Most Read: മുന്നറിയിപ്പില്ലാതെ കല്ലിടലുമായി കെ റെയിൽ; ഏത് വിധേനയും തടയുമെന്ന് പ്രതിപക്ഷം