തിരുവനന്തപുരം: പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയത്. മരണാനന്തര അവയവദാനത്തിലെ വീഴ്‌ചകൾ സാമൂഹിക മാദ്ധ്യമത്തിൽ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. എംകെ മോഹൻദാസ് കൂടി രംഗത്തുവന്നതോടെയാണ് പ്രിൻസിപ്പലിന്റെ നടപടി.
മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് ഡോ. ഹാരിസ് നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുൻപാണ് എംകെ മോഹൻദാസ് കൂടി രംഗത്തെത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ എംകെ മോഹൻദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത്തരം വിമർശനം ആവർത്തിക്കില്ലെന്ന് മറുപടി നൽകിയ അദ്ദേഹം, സാമൂഹിക മാദ്ധ്യമ പോസ്‌റ്റ് പിൻവലിക്കുകയും ചെയ്‌തു.
രണ്ട് ഡോക്‌ടർമാരുടെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും പരാതികൾ ഉണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണമെന്നും പ്രിൻസിപ്പൽ പികെ ജബ്ബാർ നിർദ്ദേശം നൽകിയത്. ഇനി പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ വകുപ്പ് മേധാവികൾക്കുമായാണ് ഈ മുന്നറിയിപ്പെന്നും അദ്ദേഹം പറഞ്ഞു.
മരണാനന്തര അവയവദാനത്തിൽ ആരോഗ്യ വകുപ്പിന്റെ ഏജൻസിയായ കെ സോട്ടോ (മൃതസഞ്ജീവനി) പൂർണ പരാജയമാണെന്നായിരുന്നു മോഹൻദാസ് കുറിച്ചത്. 2017ന് ശേഷം അവയവദാനം നാമമാത്രമായേ നടന്നിട്ടുള്ളൂ. കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ