വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിൽ നിന്നും സംവിധായകൻ ആഷിക് അബുവും, നടൻ പൃഥ്വിരാജും പിൻമാറി. ‘വാരിയംകുന്നൻ’ എന്ന പേരിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ 2020 ജൂണിലാണ് നടന്നത്. എന്നാൽ നിലവിൽ നിർമാതാക്കളുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇരുവരുടെയും പിൻമാറ്റമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മലബാർ ലഹളയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. നൂറാം വാർഷിക ദിവസം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന്റെ അപ്ഡേറ്റുകളൊന്നും വന്നിരുന്നില്ല.
ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റമീസിന്റെ മുന്‍കാല ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങൾ ചര്‍ച്ചയായതിനെ തുടര്‍ന്ന് സിനിമയിൽ നിന്നും അദ്ദേഹം താല്‍ക്കാലികമായി പിൻമാറിയിരുന്നു.
സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. വാരിയംകുന്നന് സ്വാതന്ത്ര്യ സമരസേനാനിയല്ലെന്നും, ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും നിവധി വിമര്‍ശനങ്ങളാണ് ഉയർന്നത്. കൂടാതെ സിനിമയിൽ നിന്നും പൃഥ്വിരാജ് പിൻമാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തുകയും ചെയ്തിരുന്നു. കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവൽകരിക്കുകയാണ് ചിത്രത്തിലൂടെ ചെയ്യുന്നതെന്ന് ആരോപിച്ച് പൃഥ്വിരാജിന് നേരെ സൈബർ ആക്രമണങ്ങളും ഉണ്ടായി.
Read also: മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘ബ്രോ ഡാഡി’; ലൊക്കേഷന്‍ ചിത്രങ്ങളും വൈറൽ