ന്യൂഡെൽഹി: കര, നാവിക, വ്യോമസേനകളിൽ നിന്നും നേരത്തെ വിരമിക്കുന്നവർക്ക് ഇനി പൂർണ പെൻഷൻ തുക ലഭിക്കില്ല. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സൈനിക സ്‌റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. ഉയർന്ന പദവികളിൽ പെൻഷൻ തുക വർധിപ്പിച്ചേക്കാം.
35 വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് മാത്രം പൂർണ പെൻഷൻ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് അധികൃതർ. സേനയിൽ നിന്ന് വിരമിക്കുന്നവർക്ക്, അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളമാണ് ഇപ്പോൾ പെൻഷൻ ലഭിക്കുന്നത്. എന്നാൽ 25 വർഷം മാത്രം സർവീസുള്ളവർ സേനയിൽ നിന്ന് പിരിഞ്ഞാൽ അർഹതപ്പെട്ടതിന്റെ 50 ശതമാനം മാത്രം നൽകിയാൽ മതിയെന്നാണ് നിർദ്ദേശം.
26 മുതൽ 30 വർഷം വരെ സർവീസുള്ളവർക്ക് അർഹതപ്പെട്ടതിന്റെ 60 ശതമാനവും 31 മുതൽ 35 വർഷം സർവീസുള്ളവർക്ക് 75 ശതമാനവും പെൻഷൻ നൽകാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്നുള്ള അനുമതി ലഭിച്ചാൽ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
കരസേനയിൽ കേണൽമാർക്കും തത്തുല്യ പദവി വഹിക്കുന്നവർക്കും പെൻഷൻ പ്രായം 54ൽ നിന്ന് 57ലേക്കും ബ്രിഗേഡിയറുടേത് 56ൽ നിന്ന് 58ലേക്കും ഉയർത്തും. മേജർ ജനറലിന്റേത് 58ൽ നിന്ന് 59ലേക്ക് ഉയർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. നാവിക, വ്യോമസേനയിൽ സമാന പദവി വഹിക്കുന്നവർക്കും ഈ രീതിയിൽ പെൻഷൻ പ്രായം ഉയർത്തും.
സേനയുടെ കാര്യക്ഷമത വർധിപ്പിക്കാനും മനുഷ്യവിഭവശേഷിയുടെ പരമാവധി വിനിയോഗത്തിനുമാണ് ഭേദഗതികളെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ സേനയിൽ നിന്ന് പിരിയുന്ന പ്രവണത ഒഴിവാക്കാനാണ് നീക്കമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read also: കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ദാക്കി




































