കൊച്ചി: പിസി ജോർജിന് ജാമ്യം നൽകിയത് ചട്ടപ്രകാരമല്ലെന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിന് ജാമ്യം ലഭിച്ചതിൽ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കിട്ടിയ ശേഷം തുടർനടപടികളെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. അപ്പീലിന് പോയേക്കുമെന്നാണ് സൂചന.
പബ്ളിക് പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം അനുവദിച്ചത് ചട്ടപ്രകാരം അല്ലെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ. ജാമ്യം അനുവദിച്ചത് ഞായറാഴ്‌ച ആയതിനാലും ഇന്നും ഇന്നലെയും അവധി ആയിരുന്നതിനാലും സാക്ഷ്യപ്പെടുത്തിയ പകർപ്പ് നാളെയെ പ്രോസിക്യൂഷന് കിട്ടുകയുള്ളൂ. ഇത് കിട്ടിയശേഷം അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
153 എ, 295 എ വകുപ്പുകൾ പ്രകാരം അറസ്‌റ്റ് ചെയ്‌താൽ 16 വയസിന് താഴെയുള്ളവർ, വനിത, രോഗബാധിതർ എന്നിവർക്കാണ് കോടതിയിൽ നിന്ന് ആനുകൂല്യം ലഭിക്കുന്നത്. രോഗബാധിതർ എന്ന ഗണത്തിൽ പെടുത്തിയാണ് പിസി ജോർജ് ജാമ്യം നേടിയത്. ഇതിൽ ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷന്റെ കൂടി അഭിപ്രായം തേടിയതിന് ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
അതേസമയം, താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസി ജോർജിന്റെ നിലപാട്. തന്റെ അറസ്‌റ്റ് തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയമുണ്ടെന്നും പിസി പറഞ്ഞു. മുസ്‌ലിങ്ങൾ അവരുടെ ഹോട്ടലുകളിൽ ഇതര മതസ്‌ഥർക്ക് നൽകുന്ന ആഹാരങ്ങളിൽ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേർക്കുന്നുണ്ടെന്ന പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു. തന്റെ അറിവനുസരിച്ചാണ് അക്കാര്യം പറഞ്ഞതെന്നാണ് പിസിയുടെ വാദം.
Most Read: വ്രത ശുദ്ധിയുടെ ചെറിയ പെരുന്നാൾ ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി










































