ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടർമാർ രംഗത്ത്. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് നാഷണൽ ടെസ്‌റ്റിങ് എൻജിനിയർക്ക് കത്തയച്ചു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറുപേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.
എൻസിഇആർടി പാഠപുസ്‌തകത്തിലെ ഉത്തരവിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎ വിശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്‌ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്. മുൻകോടതി വിധികളുടെ അടിസ്‌ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നുമാണ് എൻടിഎ വ്യക്‌തമാക്കുന്നത്. കേരളത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും അടക്കം വിദ്യാർഥികൾ പരീക്ഷയിൽ അട്ടിമറി ആരോപിച്ചു സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്.
ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം എൻഡിഎ സർക്കാറിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. നാളെ നടക്കുന്ന പുതിയ സർക്കാറിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്‌ച വൻ പ്രതിഷേധത്തിനാണ് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്‌തിരിക്കുന്നത്.
അതിനിടെ, വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം, കുടുംബക്ഷേമ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കാണ് കത്തയച്ചത്. ഉയർന്നിരിക്കുന്ന ആക്ഷേപങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്