തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന് നിയമ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിന് കത്ത് നൽകി. കോവിഡ് ബാധിതരായ വോട്ടർമാർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനോ പ്രോക്സി വോട്ടിനോ അനുമതി നൽകണമെന്ന് കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിന് പഞ്ചായത്ത് മുൻസിപ്പാലിറ്റി ആക്‌ട് ഭേദഗതി ചെയ്യണം. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വർദ്ധിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ പേര് ചേർത്തവരുടെ ഹിയറിംഗ് നാളെയാണ് ആരംഭിക്കുന്നത്. ഹിയറിംഗിന് ഒരു മാസത്തെ സമയമാണ് അനുവദിച്ചത്.
ഈ വർഷം ഒക്ടോബറിലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടത്. തെരഞ്ഞെടുപ്പ് യഥാസമയത്ത് നടക്കണമെന്ന് രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ ചൊല്ലിയുള്ള ആശയകുഴപ്പം തീർക്കാൻ രാഷ്ട്രീയപാർട്ടികൾ കമ്മീഷനോടാവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ അടുത്ത മാസം തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചു ചേർക്കുന്നുണ്ട്.