കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴവാങ്ങിയെന്ന വിവാദത്തിൽ ആരോപണ വിധേയനായ സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
പിഎസ്‌സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. എന്നാൽ, ഈ വിശദീകരണം തൃപ്‌തികരമല്ലെന്നും അതിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകൾ തെറ്റാണെന്നും ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
പ്രമോദിനെതിരെ കടുത്ത നടപടി ആവശ്യമില്ലെന്നും തരംതാഴ്‌ത്തലോ സസ്‌പെൻഷനോ മതിയാകുമെന്നും ഔദ്യോഗിക വിഭാഗം പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം എതിർക്കുകയായിരുന്നു. പ്രമോദിനെതിരെയുള്ള ആരോപണത്തിൽ വ്യക്‌തമായ തെളിവ് ഉണ്ടെന്നും 22 ലക്ഷം രൂപയുടെ ഇടപാട് ഉണ്ടെന്നും അത് പാർട്ടിക്ക് ബോധ്യം വന്നിട്ടുണ്ടെന്നുമാണ് ഒരു വിഭാഗം നിലപാടെടുത്തത്.
ഈ സാഹചര്യത്തിൽ പ്രമോദിനെതിരെ കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വാദം ഉയർന്നു. ഇത് കണക്കിലെടുത്താണ് പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് ജില്ലാ കമ്മിറ്റി എത്തിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്‌ദാനം.
60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും രണ്ടുലക്ഷം മറ്റു ചിലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. പരാതിക്കാരിയായ വനിതാ ഡോക്‌ടർക്ക് വേണ്ടി ഭർത്താവാണ് പണം നൽകിയത്. സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്‌ഥാനം വാഗ്‌ദാനം ചെയ്‌ത് ഇദ്ദേഹത്തെ അനുനയിപ്പിച്ചു നിർത്തി. ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്.
Most Read| മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്- മണിമലയാറിൽ പ്രളയ മുന്നറിയിപ്പ്