കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും. ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. രാവിലെ 11നാണ് യോഗം ഇതിന് മുന്നോടിയായി രാവിലെ ഒമ്പതിന് സെക്രട്ടറിയേറ്റ് യോഗവും ചേരും.
പിഎസ്‌സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മിറ്റി ഓഫീസിലെത്തി വിശദീകരണം നൽകിയിരുന്നു. ഇത് പരിശോധിച്ചാണ് ഇന്ന് ജില്ലാ കമ്മിറ്റി തുടർനടപടികൾ സ്വീകരിക്കുക. നടപടി വിശദീകരിക്കുന്നതിനായി ഉച്ചയ്‌ക്ക് ശേഷം ടൗൺ ഏരിയാ കമ്മിറ്റിയും ചേരും. പ്രമോദിനെതിരെ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന നിലപാടിലാണ് ഒരു വിഭാഗം ഏരിയാ കമ്മിറ്റി അംഗങ്ങൾ.
അതേസമയം, വിവാദം അവസാനിപ്പിക്കാൻ സിപിഐഎം തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് സാധ്യത. ഈ ആരോപണം പരാമർശിക്കാതെ പ്രമോദിന്റെ റിയൽ എസ്‌റ്റേറ്റ് ബന്ധം കാണിച്ചാണ് നടപടി എടുക്കുക. എന്നാൽ, തനിക്കൊന്നും ഒളിച്ചു വെക്കാനില്ലെന്നും എല്ലാം പാർട്ടിക്ക് അന്വേഷിക്കാമെന്നുമുള്ള നിലപാടിലാണ് പ്രമോദ്. പക്ഷേ, നടപടിയിലേക്ക് കടന്നാൽ കൂടുതൽ ഗുരുതരമായ എന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന ആശങ്കയും പാർട്ടിക്കുണ്ട്.
കോഴിക്കോട് ജില്ലയിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന വാദം ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ, മന്ത്രി റിയാസ് അടക്കമുള്ളവർ കർശന നടപടി വേണമെന്ന ആവശ്യക്കാരാണ്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി കോഴ വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു വാഗ്‌ദാനം.
60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും രണ്ടുലക്ഷം മറ്റു ചിലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. പരാതിക്കാരിയായ വനിതാ ഡോക്‌ടർക്ക് വേണ്ടി ഭർത്താവാണ് പണം നൽകിയത്. സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ പണം നൽകിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പിൽ സ്‌ഥാനം വാഗ്‌ദാനം ചെയ്‌ത് ഇദ്ദേഹത്തെ അനുനയിപ്പിച്ചു നിർത്തി. ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആൾ പാർട്ടിക്ക് പരാതി നൽകിയത്.
Most Read| നീതി ആയോഗ് സുസ്‌ഥിര വികസന സൂചിക; നാലാം തവണയും കേരളം ഒന്നാമത്