മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും രംഗത്ത്. സോളാർ കേസ് അട്ടിമറിച്ചതിന് പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് അജിത് കുമാർ തിരുവനന്തപുരം നഗരത്തിലെ പട്ടത്ത് ഫ്‌ളാറ്റ് വാങ്ങിയെന്നാണ് ആരോപണം.
33.80 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ ഫ്‌ളാറ്റ് പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്‌ക്ക് വിൽപ്പന നടത്തി. ഈ വിൽപ്പനയിലൂടെ 32 ലക്ഷം രൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. നാല് ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പും ഇടപാടിലൂടെ നടന്നതായും അൻവർ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപാണ് അൻവർ വാർത്താ സമ്മേളനം നടത്തി ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്.
2016 ഫെബ്രുവരി 19നാണ് അജിത് കുമാർ ഫ്‌ളാറ്റ് വാങ്ങിയത്. പത്ത് ദിവസത്തിന് ശേഷം ഫ്‌ളാറ്റ് മറിച്ചുവിറ്റു. ആരാണ് ഫ്‌ളാറ്റിൽ ഇപ്പോൾ താമസിക്കുന്നതെന്നും, വാടക ആരാണ് വാങ്ങുന്നതെന്നും മാദ്ധ്യമങ്ങൾ അന്വേഷിക്കണം. നിർമാണ കമ്പനി പ്രതിനിധിയാണ് ഫ്‌ളാറ്റ് തിരികെ വാങ്ങിയത്. 55 ലക്ഷം രൂപ വിലയുള്ളപ്പോഴാണ് 34 ലക്ഷത്തിന് കമ്പനി അജിത് കുമാറിന് ഫ്‌ളാറ്റ് വിറ്റത്.
തിരികെ വാങ്ങിയത് 65 ലക്ഷത്തിനും. 32 ലക്ഷം രൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. ഇങ്ങനെ നിരവധി ഇടപാടുകൾ അജിത് കുമാർ നടത്തി. കവടിയാറിൽ ആഡംബര വീട് നിർമിക്കുന്നതിനോട് ചേർന്ന് സഹോദരന്റെ പേരിൽ വസ്‌തു വാങ്ങി. അത് സംബന്ധിച്ചും ഡിജിപിക്ക് ഇന്ന് കത്ത് നൽകുമെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെയും അൻവർ രൂക്ഷ വിമർശനം നടത്തി.
Most Read| ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’; ബുൾഡോസർ രാജ് തടഞ്ഞ് സുപ്രീം കോടതി