തിരുവനന്തപുരം: പിവി അൻവർ എംഎൽഎ നടത്തിയ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പത്തനംതിട്ട എസ്‌പി എസ് സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. സുജിത് ദാസിനെതിരെ നടപടിക്ക് ആദ്യന്തര വകുപ്പ് ശുപാർശ നൽകിയിരുന്നു. സർവീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോർട്.
പിവി അൻവറുമായുള്ള സംഭാഷണം പോലീസ് സേനക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോർട് ഡിജിപി സർക്കാരിന് കൈമാറി. വിവാദത്തിന് പിന്നാലെ സുജിത് ദാസ് അവധിയിൽ പ്രവേശിച്ചിരുന്നു. പത്തനംതിട്ട എസ്‌പി സുജിത് ദാസിന് കസ്‌റ്റംസിലുള്ള ബന്ധം കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.
പിവി അൻവറുമായി കഴിഞ്ഞ ശനിയാഴ്‌ച എസ്‌പി നടത്തിയ സംഭാഷണമാണ് പുറത്തായത്. മലപ്പുറം എസ്‌പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിലവിലെ മലപ്പുറം എസ്‌പിക്ക് പിവി അൻവർ എംഎൽഎ നൽകിയ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻവറിനെ സുജിത് ദാസ് ഫോണിൽ ബന്ധപ്പെട്ടത്.
”എംഎൽഎ എനിക്കൊരു സഹായം ചെയ്യണം. പരാതി പിൻവലിച്ചാൽ സർവീസിൽ ഉള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും. സഹോദരനായി കാണണം. 25ആം വയസിൽ സർവീസിൽ കയറിയതാണ്. ആരോഗ്യവും ആയുസും ഉണ്ടെങ്കിൽ ഡിജിപിയായി വിരമിക്കാം” എന്നായിരുന്നു സുജിത് പറഞ്ഞത്. ജില്ലാ പോലീസ് അസോസിയേഷൻ യോഗത്തിൽ, എസ് ശശിധരനെതിരെ നടത്തിയ അതിരൂക്ഷ വിമർശനത്തിന് പിവി അൻവറിനെ സുജിത് അഭിനന്ദിക്കുന്നതും ഓഡിയോ ക്ളിപ്പിലുണ്ട്.
അതിനിടെ, പിവി അൻവറിന്റെ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചതോടെ എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആ സ്‌ഥാനത്തേക്ക് ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരെയാണ് പരിഗണിക്കുന്നത്.
അജിത് കുമാറിന് ക്രമാസമാധാനത്തിന് പുറമെ ബറ്റാലിയന്റെ ചുമതലയാണുള്ളത്. ഇതോടെ അദ്ദേഹത്തെ ബറ്റാലിയന്റെ ചുമതലയുള്ള എഡിജിപിയായി നിലനിർത്തിയേക്കും. സസ്‌പെൻഷൻ ഉൾപ്പടെയുള്ള നടപടികൾ ഒഴിവാക്കുമെന്നാണ് സൂചന. ജയിൽ ജിഡിപിയായി പോലീസിന് പുറത്തേക്ക് മാറ്റുന്ന കാര്യവും ആലോചനയിലുണ്ട്. അജിത് കുമാറിനെതിരെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാവും അന്വേഷിക്കുക എന്ന കാര്യത്തിലും ചർച്ചകൾ പുരോഗമിക്കുകയാണ്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ