തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ കോൺഗ്രസിന്റെ സംസ്‌ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാനാണ് അൻവറിന്റെ തീരുമാനം.
തിരുവനന്തപുരത്ത് അൻവർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ അൻവർ ചേർന്നത്. എന്നാൽ, സംസ്‌ഥാന കോ-ഓർഡിനേറ്റർ സ്‌ഥാനം ഏറ്റെടുത്തെങ്കിലും പാർട്ടി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരുന്നില്ല. കൂറുമാറ്റ നിരോധന നിയമപ്രകാരം എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
എന്നാൽ അൻവർ പാർട്ടിയിൽ ചേർന്നതായി തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചതിനാൽ എംഎൽഎ സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള നീക്കം ഉടൻ ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ട് അൻവർ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്‌ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ മമത നിർദ്ദേശം നൽകിയെന്നാണ് സൂചന.
ഉപതിരഞ്ഞെടുപ്പ് പാർട്ടിക്ക് സംസ്‌ഥാനത്ത് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. കേരളത്തിൽ പത്തുവർഷം മുൻപ് നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോ-ഓർഡിനേറ്ററായി നിയോഗിച്ച് ജാഗ്രതയോടെയുള്ള നീക്കമാണ് തൃണമൂൽ ലക്ഷ്യംവെക്കുന്നത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം