മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിവി അൻവർ നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഇക്കാര്യമുൾപ്പടെ പറയാനായി നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ”വളരെ പ്രധാനപ്പെട്ട ഒരു വിഷയം നിങ്ങളെ അറിയിക്കാൻ 13ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് വാർത്താ സമ്മേളനം സംഘടിപ്പിക്കുന്നു. എല്ലാ മാദ്ധ്യമ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നു”- എന്നാണ് സാമൂഹിക മാദ്ധ്യമത്തിൽ അൻവർ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ അൻവർ ചേർന്നത്. എന്നാൽ, പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. സംസ്‌ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അൻവർ അറിയിച്ചത്. കേരളത്തിൽ പത്തുവർഷം മുൻപ് നടത്തിയ പാർട്ടി രൂപീകരണം പരാജയമായതിനാൽ അൻവറിനെ കോ-ഓർഡിനേറ്ററായി നിയോഗിച്ച് ജാഗ്രതയോടെയുള്ള നീക്കമാണ് തൃണമൂൽ ലക്ഷ്യംവെക്കുന്നത്.
അതീവ രഹസ്യമായിട്ടായിരുന്നു അൻവറിന്റെ നീക്കങ്ങൾ. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ, യുഡിഎഫിലേക്ക് പോകുമെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്‌ചകളും നടത്തുന്നതിനിടെയാണ്, അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമായത്.
തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്‌മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നതെന്നാണ് സൂചന. തനിക്കൊപ്പം കേരളത്തിൽ നിന്ന് നാല് എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്‌ദാനം ചെയ്‌തെന്നാണ് വിവരം. അൻവറിലൂടെ കേരളത്തിൽ ശക്‌തമായ വേരുറപ്പിക്കാനുള്ള കണക്കുകൂട്ടലിലാണ് തൃണമൂൽ കോൺഗ്രസ്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം