തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനും മറ്റ് പോലീസ് ഉദ്യോഗസ്‌ഥർക്കും എതിരേയുള്ള പരാതികൾ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിച്ച് പിവി അൻവർ എംഎൽഎ. ഇന്ന് രാവിലെ ഗോവിന്ദനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് അൻവർ ആവശ്യപ്പെട്ടതായാണ് സൂചന.
മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ പരാതിയുടെ പകർപ്പും കൈമാറി. വെള്ളിയാഴ്‌ച ചേരുന്ന സെക്രട്ടറിയേറ്റ് യോഗം അൻവറിന്റെ പരാതി പരിഗണിച്ചേക്കും. പരാതിയിൽ ഉറച്ച് നിൽക്കുന്നതായി പിവി അൻവർ പ്രതികരിച്ചു. പാർട്ടി സെക്രട്ടറിയെ കണ്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അൻവർ.
”ആരോപണങ്ങൾ അന്വേഷിച്ച് കണ്ടെത്താൻ കേരളാ പോലീസിന് കഴിയും. അന്വേഷണം ആരംഭിക്കുന്നതേയുള്ളൂ. അതിനാൽ, അന്വേഷണ സംഘത്തെ മാറ്റണമെന്ന് ഇപ്പോൾ ആവശ്യപ്പെടില്ല. അന്വേഷണം അട്ടിമറിക്കപ്പെട്ടാൽ ആ ഘട്ടത്തിൽ ഇടപെടും. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയാണ് പാർട്ടി സെക്രട്ടറിക്കും കൊടുത്തത്. ബാക്കി കാര്യം സർക്കാരും പാർട്ടിയും തീരുമാനിക്കും”- അൻവർ പറഞ്ഞു.
പിവി അൻവർ പുലിയിൽ നിന്ന് എലിയായി എന്ന പ്രചാരണങ്ങളോടുള്ള മറുപടി ഇങ്ങനെ, എലി അത്ര മോശം ജീവിയല്ലല്ലോ. ഒരു വീട്ടിൽ എലി ഉണ്ടെങ്കിൽ എത്രത്തോളം ബുദ്ധിമുട്ടുണ്ടാകും. അൻവർ കീഴടങ്ങി, മുങ്ങി, എലിയായി എന്നൊക്കെ വാർത്തയുണ്ട്. അത് കുഴപ്പമില്ല. എലിയായാലും പൂച്ചയായാലും ഉയർത്തിയ വിഷയവുമായി സമൂഹത്തിന് മുന്നിലുണ്ടാകുമെന്നും അൻവർ വ്യക്‌തമാക്കി.
Most Read| പാർട്ടിയുടെ ആദ്യ സമ്മേളനം; രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ വിജയ്‌യുടെ നീക്കം







































