ചെന്നൈ: പുതിയ പാർട്ടിയായ ‘തമിഴക വെട്രി കഴകത്തിന്റെ’ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ നടൻ വിജയ് ശ്രമിക്കുന്നതായി സൂചന. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്.
മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, രേവന്ത് റെഡ്‌ഡി, ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. 2009ൽ രാഹുലുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ, വിജയ് കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. ആരാധകരുടെ പിന്തുണയുടെ കരുത്തിൽ പാർട്ടി തുടങ്ങാൻ രാഹുൽ ഉപദേശിച്ചെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ, രാഹുൽ വിജയ്‌ക്കൊപ്പം വേദി പങ്കിട്ടാൽ ഡിഎംകെ- കോൺഗ്രസ് സഖ്യത്തിൽ ഉലച്ചിലുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വിജയ്‌യുടെ ക്ഷണത്തെ രാഹുലും കോൺഗ്രസും എങ്ങനെ നോക്കി കാണും എന്ന് കണ്ടറിയേണ്ടതുണ്ട്. രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച നടൻ വിജയ് കഴിഞ്ഞ മാസം പതാക പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്‌നവും പതാകയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഓരോ മണ്ഡലത്തിൽ നിന്നും മൽസരിക്കേണ്ട സ്‌ഥാനാർഥികളെ ഇപ്പോഴേ തിരഞ്ഞെടുക്കണമെന്നാണ് വിജയ്‌യുടെ നിർദ്ദേശം.
ഓരോ മണ്ഡലങ്ങളിൽ നിന്നും നാല് സ്‌ഥാനാർഥിയെ എങ്കിലും നിമനിർദ്ദേശം ചെയ്യണമെന്ന് ജില്ലാ ഭാരവാഹികളോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‌യുടെ ‘ദ് ഗോട്ടി’ന്റെ റിലീസിന് ശേഷമായിരിക്കും സമ്മേളനം. നിലവിൽ വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ സമ്മേളന നഗരിക്ക് അനുമതി തേടിയിട്ടുണ്ട്.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ