144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ, ഡിഎംകെ വിട്ടുനിന്നു

അണ്ണാ ഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സിവി. ഷൺമുഖം, എസ്‌പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ടിവികെ സർക്കാരിനെ പിന്തുണച്ചത്.

By Senior Reporter, Malabar News
Tamil Nadu Govt Formation Vijay TVK
വിജയ്‌

ചെന്നൈ: 144 അംഗങ്ങളുടെ പിന്തുണയോടെ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. അണ്ണാ ഡിഎംകെ വിമതർ ഉൾപ്പടെയുള്ളവർ ടിവികെയെ പിന്തുണച്ചു. അതേസമയം, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ഉൾപ്പടെ 22 പേർ എതിർത്തു. അഞ്ചുപേർ വിട്ടുനിന്നു.

ഡിഎംകെയും ബിജെപിയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഡിഎംകെ വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിൻ നേരത്തെ പറഞ്ഞിരുന്നു. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണ് ഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോയത്. കുതിരക്കച്ചവട ആരോപണം അവർ ആവർത്തിച്ചു. ഒരു പ്രധാന പാർട്ടിയെ പിളർത്തിയത് ടിവികെയെന്നും ആരോപിച്ചു.

അണ്ണാ ഡിഎംകെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന സിവി. ഷൺമുഖം, എസ്‌പി വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ടിവികെ സർക്കാരിനെ പിന്തുണച്ചത്. ഇവർ നേരത്തെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവിൽ സഭയിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ്‌ക്ക്, ഷൺമുഖം പക്ഷത്തുള്ള വിമത എംഎൽഎമാരുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് അംഗബലം ഉയർന്നത്.

ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ എടപ്പാടി പളനിസ്വാമി ഡിഎംകെയുമായുള്ള സഖ്യത്തിന് ശ്രമിച്ചതാണ് പാർട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണമായത്. ഇക്കാര്യം ഷൺമുഖം നേരത്തെ വെളിപ്പെടുത്തിയിരുന്നു. 53 വർഷമായി ഡിഎംകെ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടി അറ്റത്തരമൊരു നീക്കം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കോൺഗ്രസ്, മുസ്‌ലിം ലീഗ്, വിസികെ, സിപിഐ, സിപിഎം പാർട്ടികൾ നേരത്തെ ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിജയ്‌യുടെ പാർട്ടി 234 സീറ്റുകളിൽ 108 സീറ്റുകൾ നേടിയാണ് വിജയിച്ചത്.

ജ്യോതിഷി നിയമനം റദ്ദാക്കി വിജയ്

ജ്യോൽസനായ രാഥൻ പണ്ഡിറ്റ് വെട്രിവേലിനെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഭരണപക്ഷത്തെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടികളും ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഈ നടപടി.

പൊതുഭരണത്തിൽ ജ്യോതിഷത്തിന് പ്രാധാന്യം നൽകുന്നത് ശാസ്‌ത്രീയ ചിന്താഗതിക്കും യുക്‌തിക്കും വിരുദ്ധമാണെന്നായിരുന്നു വിജയ്‌യുടെ തീരുമാനത്തിനെതിരെ ഉയർന്ന ഏറ്റവും വലിയ വിമർശനം. യുവാക്കൾക്ക് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോൽസാഹിപ്പിക്കരുതെന്ന് രാഷ്‌ട്രീയ നേതാക്കൾ മുന്നറിയിപ്പ് നൽകി.

Most Read| എസ്എസ്എൽസി ഫലപ്രഖ്യാപനം ഈമാസം 15ന് തന്നെ; ആശങ്ക വേണ്ട 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE