തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകില്ല. ഈമാസം 15ന് (വെള്ളിയാഴ്‌ച) തന്നെ ഫലം പ്രഖ്യാപിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഭരണമാറ്റത്തെ തുടർന്ന് ഫലപ്രഖ്യാപനത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നെങ്കിലും, നിശ്‌ചയിച്ച കലണ്ടർ പ്രകാരം മുന്നോട്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ഫലപ്രഖ്യാപന തീയതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ചീഫ് സെക്രട്ടറിയുമായി നടത്തിയ ആശയവിനിമയത്തിലാണ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാൻ തീരുമാനമായത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തിൽ താൽക്കാലിക ചുമതലയുള്ള പൊതുവിദ്യാഭ്യാസ സെക്രട്ടറിയോ അല്ലെങ്കിൽ ചീഫ് സെക്രട്ടറി നിർദ്ദേശിക്കുന്ന ഉദ്യോഗസ്‌ഥനോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.
ഫലപ്രഖ്യാപനത്തിനുള്ള നടപടികളെല്ലാം പൂർത്തിയായിട്ടുണ്ട്. പരീക്ഷാ ബോർഡ് ഇന്ന് യോഗം ചേരും. ഹയർ സെക്കൻഡറി ഫലവും സമയത്തുതന്നെ പ്രസിദ്ധീകരിക്കും. അച്ചടി പൂർത്തിയാക്കി പാഠപുസ്‌തകങ്ങൾ സ്‌കൂൾ തുറക്കുന്ന ജൂൺ ഒന്നിന് മുൻപ് വിതരണം പൂർത്തിയാക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എൻഎസ്‌കെ. ഉമേഷ് അറിയിച്ചു.
ഹയർ സെക്കൻഡറി ഫലം മേയ് 22ന് ആണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ ഇംപ്രൂവ്‌മെന്റ് ഫലം മേയ് എട്ടിനും ഒന്നാംവർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. മേയ് അവസാനം അതിന്റെ ഫലം പ്രസിദ്ധീകരിക്കും.
Most Read| സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; ഒറ്റ ദിവസം കൂടിയത് 10,200 രൂപ



































