ദോഹ: രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങളോടെ ഖത്തർ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷത്തെ 17ആം നമ്പർ നിയമമാണിത്. മിഡിൽ ഈസ്‌റ്റിൽ ഈ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യവും ഖത്തർ തന്നെയാണ്. രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് തൊഴില്‍-സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു.
പുതിയ നിയമ പ്രകാരം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ (19,500 ഇന്ത്യൻ രൂപ) ഏറ്റവും കുറഞ്ഞ അടിസ്‌ഥാന ശമ്പളമായി നൽകണം. മാര്‍ച്ച് 20 മുതല്‍ പുതിയ വേതന നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ സ്‌ഥാപന ഉടമകള്‍ക്കും നേരത്തെ തൊഴില്‍ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിരുന്നു.
ഭക്ഷണവും താമസവും കൂടാതെയാണ് തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞത് മാസത്തില്‍ 1000 റിയാല്‍ അടിസ്‌ഥാന ശമ്പളം ലഭിക്കുക. ഇതിനു പുറമെ, 500 റിയാല്‍ താമസത്തിനും 300 റിയാല്‍ ഭക്ഷണത്തിനും നല്‍കണം. ഇങ്ങനെ ചുരുങ്ങിയത് 1800 റിയാലാണ് പ്രതിമാസം രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ലഭിക്കുക.
മിനിമം വേതനം നടപ്പിലാക്കുന്നതോടെ രാജ്യത്തെ തൊഴില്‍ മേഖലക്ക് നവോന്‍മേഷം കൈവരുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം മികച്ചതാക്കാന്‍ ഇത് സഹായകമാവും.
ഖത്തറിലെ സ്വകാര്യ മേഖലയിലേയും ഗാര്‍ഹിക മേഖലയിലേയും മുഴുവന്‍ തൊഴിലാളികളേയും ഉള്‍കൊള്ളുന്ന നിയമം 2020 ഓഗസ്‌റ്റിലാണ് സര്‍ക്കാര്‍ പാസാക്കിയത്. സെപ്‌റ്റംബറിൽ നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറു മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
വേജ് പ്രൊട്ടക്ഷന്‍ സംവിധാനമനുസരിച്ച് ബാങ്ക് ട്രാൻസ്‌ഫറായാണ് ഓരോ മാസവും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത്. ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നു എന്നത് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. വീഴ്‌ച വരുത്തിയാൽ 10,000 റിയാല്‍ പിഴയും ഒരു വര്‍ഷവും തടവും ശിക്ഷ ലഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം ഡയറക്‌ടർ ഫഹദ് അല്‍ ദൊസാരി നേരത്തേ അറിയിച്ചിരുന്നു. തുടര്‍ച്ചയായി വീഴ്‌ച വരുത്തുന്ന വ്യക്‌തികളെയും സ്‌ഥാപനങ്ങളെയും കരിമ്പട്ടിയില്‍പ്പെടുത്തും.
പുതിയ നിമയത്തെ കുറിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവല്‍ക്കരിക്കുന്നതിനായി വിവിധ ഭാഷകളില്‍ ക്യാംപയിനുകള്‍ സംഘടിപ്പിച്ചിരുന്നു. അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെയും മേഖലയിലെ വിദഗ്‌ധരുടെയും സഹകരണത്തോടെയാണ് തൊഴില്‍ നിയമ പരിഷ്‌ക്കരണം ഖത്തര്‍ നടപ്പിലാക്കിയത്.
Also Read: കോവിഡ് വ്യാപനം; മുംബൈയിലെ ആള്‍ത്തിരക്കുള്ള സ്‌ഥലങ്ങളില്‍ റാപ്പിഡ് ടെസ്‌റ്റ്







































