ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറുപേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. വടക്കു-കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.
സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉണ്ടെന്നാണ് വിവരം. നാല് പുരുഷൻമാരും ഒരു സ്‌ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്‌ച പ്രാദേശിക സമയം വൈകീട്ട് നാലുമണിയോടെ ന്യാൻഡറുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക് നകുരു റോഡിലാണ് അപകടം നടന്നത്. ന്യാഹുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് താഴ്‌ചയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്‌ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം