ദോഹ: ഏകീകൃത ജിസിസി വിസ ഈവർഷം അവസാനത്തോടെ നടപ്പാക്കുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ സാദ് ബിൻ അലി അൽ ഖർജി. ഗർഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം ശക്‌തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഏകീകൃത വിസ നടപ്പാക്കുന്നത്.
ഖത്തർ സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന പാനൽ ചർച്ചയിലാണ് ഈവർഷം അവസാനത്തോടെ ജിസിസി ഏകീകൃത വിസ നടപ്പിലാക്കുമെന്ന് വിശദമാക്കിയത്. ഗൾഫ് മേഖലയിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂട്ടുന്നതാണ് ഏകീകൃത വിസ.
ഖത്തർ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ ആറ് ജിസിസി രാജ്യങ്ങൾക്കിടയിൽ യാത്രക്കാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്ന് മാത്രമല്ല, ഒറ്റ വിസയിൽ ഒന്നിലധികം തവണ പ്രവേശനവും അനുവദിക്കുന്നതാണ് ഷെംഗൻ മാതൃകയിലുള്ള ഏകീകൃത വിസ. ഏത് ജിസിസി രാജ്യങ്ങളിലും 30 ദിവസത്തിലധികം താമസിക്കുകയും ചെയ്യാം.
ജിസിസി രാജ്യങ്ങൾക്കിടയിലൂടെ അനായാസേനയുള്ള യാത്ര ഉറപ്പാക്കുകയാണ് ആദ്യ ചുവടെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് ചൂണ്ടിക്കാട്ടി. രണ്ടാമത്തെ ചുവടുവയ്‌പ്പ് കൂട്ടായ ടൂർ പാക്കേജുകൾ, വിമാന സർവീസുകൾ, പ്രമോഷൻ പ്രോഗ്രാമുകൾ എന്നിവ നടപ്പിലാക്കുന്നതിലൂടെ ജിസിസിഎ ആഗോള യാത്രാ ഭൂപടത്തിന്റെ മുൻനിരയിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്‌തമാക്കി.
2022 ഫിഫ ലോകകപ്പ് മുതൽ സൗദിയിലേക്കും ഖത്തറിലേക്കും യാത്ര ചെയ്യാനുള്ള ഏകീകൃത വിസ അനുവദിച്ചിരുന്നത് വലിയ വിജയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിന്റെ ടൂറിസം മേഖലയെ ശക്‌തിപ്പെടുത്തുന്നത് സംബന്ധിച്ച് പദ്ധതികളും ടൂറിസം ചെയർമാൻ വ്യക്‌തമാക്കി. ഇക്കഴിഞ്ഞ മാർച്ചിലാണ് സൗദിയുമായി ചേർന്ന് ‘ഡബിൾ ദ ഡിസ്‌ക്കവറി’ എന്ന പേരിൽ ടൂറിസം ക്യാംപെയിൻ പ്രഖ്യാപിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!